ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ ആറാം ഘട്ടത്തിലെ അന്തിമ പോളിങ് ശതമാനം പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ. മെയ് 25ന് നടന്ന പൊതുതിരഞ്ഞെടുപ്പിൻ്റെ ആറാം ഘട്ടത്തിൽ 58 ലോക്സഭ മണ്ഡലങ്ങളിലായി 63.37 ശതമാനം പോളിങ് രേഖപ്പെടുത്തിയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ട കണക്കുകൾ പറയുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ ഏഴാം ഘട്ടം ജൂൺ ഒന്നിന് നടക്കും. വോട്ടെണ്ണൽ ജൂൺ നാലിന് നടക്കും.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്കുപ്രകാരം പ്രകാരം പുരുഷ വോട്ടര്‍മാരില്‍ 61.95 ശതമാനവും സ്ത്രീ വോട്ടര്‍മാരില്‍ 64.95 ശതമാനം പേരുമാണ് വോട്ട് രേഖപ്പെടുത്തിയത്. ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുടെ പോളിങ് 18.67 ശതമാനമാണ്. പശ്ചിമ ബംഗാളിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്, 82.71 ശതമാനം. ഉത്തർപ്രദേശിലെ 14 മണ്ഡലങ്ങളിലെ പോളിങ് 54.04 ശതമാനമാണ്.
കടുത്ത മത്സരം നടക്കുന്ന ഡൽഹിയിൽ 58.69 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോൾ ഹരിയാനയിൽ 64.80 ശതമാനം പോളിങ് രേഖപ്പെടുത്തി. ഒഡീഷയിലും ജാർഖണ്ഡിലും യഥാക്രമം 74.45 ശതമാനവും 65.39 ശതമാനവും പോളിങ് രേഖപ്പെടുത്തി.
പോളിങ് ബൂത്ത് തിരിച്ചുള്ള വോട്ടർമാരുടെ കണക്കുകൾ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നതിനുള്ള ഹർജിയിൽ സുപ്രീം കോടതി, നിർദ്ദേശങ്ങൾ പുറപ്പെടുവിക്കാൻ വിസമ്മതിച്ചതിന് തൊട്ടുപിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വന്തം നിലയിൽ വോട്ടർമാരുടെ എണ്ണം പുറത്തുവിട്ടത്.
ഏപ്രിൽ 19 ന് ലോക്‌സഭാ തിരഞ്ഞെടുപ്പ് ആരംഭിച്ച തിയതി മുതലുള്ള പോളിങ് വിവരങ്ങൾ പുറത്തുവിടുന്ന ജൂൺ നാല് വരെയുള്ള എല്ലാ തിരഞ്ഞെടുപ്പ് പ്രവർത്തനവും കൃത്യവും തിരഞ്ഞെടുപ്പ് നിയമങ്ങൾക്കനുസൃതവുമായിരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.