കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 633 ഇന്ത്യൻ വിദ്യാർത്ഥികൾ വിവിധ കാരണങ്ങളാൽ വിദേശത്ത് മരിച്ചതായി വിദേശകാര്യ മന്ത്രാലയ (എംഇഎ)ത്തിന്റെ കണക്കുകൾ. 41 രാജ്യങ്ങളിലാണ് ഈ മരണങ്ങൾ നടന്നത്. കാനഡയിലാണ് ഏറ്റവും കൂടുതൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ മരണങ്ങൾ രേഖപ്പെടുത്തിയത്. 172 ഇന്ത്യൻ വിദ്യാർത്ഥികളാണ് കാനഡയിൽ മരിച്ചത്. യുഎസിൽ 108 മരണങ്ങൾ. കൂടാതെ, ആക്രമണങ്ങളിൽ 19 ഇന്ത്യൻ വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു, കാനഡയിലാണ് ഏറ്റവും കൂടുതൽ ആക്രണ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ഒമ്പത് വിദ്യാർത്ഥികളാണ് കൊല്ലപ്പെട്ടത്. യുഎസിൽ ആറ് പേർ ആക്രമണത്തെ തുടർന്ന് കൊല്ലപ്പെട്ടു. ഒരോ ആൾ വീതം ചൈനയിലും യുകെയിലും കിർഗിസ്ഥാനിലും ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു.
കൊടിക്കുന്നിൽ സുരേഷ് എംപി ലോക്സഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിങ് കണക്ക് പുറത്തുവിട്ടത്. യുകെയിൽ വച്ച് 58 വിദ്യാർത്ഥികളും ഓസ്ട്രേലിയയിൽ 37 പേരും ജർമ്മനിയിൽ 24 പേരും മരിച്ചു. പാക്കിസ്ഥാനിലും ഒരു മരണം സംഭവിച്ചിട്ടുണ്ടെന്നും പുറത്തുവിട്ട കണക്കുകളിൽ നിന്ന് വ്യക്തമാകുന്നു.
വിദ്യാർത്ഥികളുടെ സുരക്ഷ സർക്കാരിന്റെ മുൻഗണനയാണെന്ന് പറഞ്ഞ സിങ് ഇന്ത്യൻ മിഷൻസ് വിദേശത്ത് പഠനാവശ്യങ്ങൾക്ക് പോകുന്ന വിദ്യാർത്ഥികളുമായി നിരന്തര സമ്പർക്കം നിലനനിർത്തുന്നുണ്ടെന്നും വ്യക്തമാക്കി.
വിദേശത്തേക്ക് പഠനാവശ്യങ്ങൾക്കായി പോകുന്ന വിദ്യാർത്ഥികൾ MADAD പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇതുവഴി വിദേശത്തുള്ള വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ അഭിസംബോധന ചെയ്യാനും സമയബന്ധിതമായി പരിഹരിക്കാനാകുമെന്നും വിദേശകാര്യമന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെ അറിയിച്ചു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 48 വിദ്യാർത്ഥികളെ അമേരിക്കയിൽ നിന്ന് നാടുകടത്തി. എന്നാൽ കാരണം ഇതുവരെയും അമേരിക്ക ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.
അനധികൃത തൊഴിൽ, ക്ലാസുകളിൽ നിന്ന് അനധികൃതമായി പിൻവലിയൽ, പുറത്താക്കൽ, സസ്പെൻഷൻ, ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിംഗ് (OPT) തൊഴിൽ റിപ്പോർട്ട് ചെയ്യുന്നതിൽ പരാജയപ്പെടൽ എന്നിവയാകാം കാരണമെന്നും ഇത് വിസ റദ്ദാക്കുന്നതിന് കാരണമാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.