മഹാരാഷ്ട്ര കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ക്രോസ് വോട്ട് ചെയ്തു

മുംബൈ: മഹാരാഷ്ട്ര നിയമസഭാ കൗൺസിലിലെ 11 സീറ്റുകളിലേക്ക് വെള്ളിയാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ ഏഴ് കോൺഗ്രസ് എംഎൽഎമാരെങ്കിലും ക്രോസ് വോട്ട് ചെയ്തതായി ഫലങ്ങൾ സൂചിപ്പിക്കുന്നു. 37 എംഎൽഎമാരാണ് കോൺഗ്രസിനുള്ളത്. പാർട്ടിയുടെ സ്ഥാനാർഥി പ്രദ്‌ന്യ സതവിന് 30 ഒന്നാം മുൻഗണന വോട്ടുകൾ നിശ്ചയിച്ചിരുന്നു. ശേഷിക്കുന്ന ഏഴുവോട്ടുകൾ സഖ്യകക്ഷിയായ ശിവസേനയുടെ (യുബിടി) സ്ഥാനാർഥി മിലിന്ദ് നർവേക്കറിനാണെന്നും പാർട്ടി അറിയിച്ചിരുന്നു.

എന്നാൽ, പ്രദ്‌ന്യ സതവിന് 25-ഉം നർവേക്കറിന് 22-ഉം ഒന്നാം മുൻഗണനവോട്ടുകളാണ് ലഭിച്ചത്. അതായത് ഏഴ് കോൺഗ്രസ് എംഎൽഎമാരെങ്കിലും ക്രോസ്‌ വോട്ട് ചെയ്തിട്ടുണ്ടെന്ന് ഇതിൽനിന്ന്‌ വ്യക്തമാകുന്നു. ബിജെപി., ശിവസേന, എൻസിപി എന്നിവ ഉൾപ്പെടുന്ന മഹായുതി സഖ്യം മത്സരിച്ച ഒമ്പത് സീറ്റുകളിലും വിജയിച്ചപ്പോൾ, ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി പിന്തുണച്ച പെസന്റ്‌സ് ആൻഡ് വർക്കേഴ്‌സ് പാർട്ടിയുടെ (പിഡബ്ല്യുപി) ജയന്ത് പാട്ടീൽ പരാജയപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിലിലെത്തി നിൽക്കുമ്പോൾ, മഹാരാഷ്ട്രയില്‍ സെമി ഫൈനലായാണ് എംഎൽസി തിരഞ്ഞെടുപ്പ് കാണുന്നത്.

മൊത്തം 11 സീറ്റുകളിലേക്കായിരുന്നു മത്സരം. 12 പേർ മത്സരിച്ചിരുന്നു. എംഎൽഎമാരുടെ കൂറുമാറ്റം ഭയന്ന് പ്രമുഖകക്ഷികൾ അംഗങ്ങളെ ഹോട്ടലുകളിലേക്ക് മാറ്റിയിരുന്നു. അജിത് പവാർ ക്യാമ്പിൽനിന്ന് ചിലർ കൂറുമാറിയേക്കുമെന്നുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും പാർട്ടി നിർത്തിയ രണ്ടുസ്ഥാനാർഥികളും വിജയിച്ചു.

More Stories from this section

family-dental
witywide