
ഭുവനേശ്വർ: ഒഡിഷയിൽ ബോട്ട് മുങ്ങി ഏഴ് യാത്രക്കാർ മരിച്ചു. വെള്ളിയാഴ്ച ജാർസുഗുഡ ജില്ലയിലാണ് സംഭവം. മഹാനദിയിൽ യാത്രക്കാരുമായി സഞ്ചരിച്ച ബോട്ട് മറിയുകയായിരുന്നു. 50 ഓളം യാത്രക്കാർ ബോട്ടിലുണ്ടായിരുന്നതായാണ് നിഗമനം. നിരവധി പേരെ രക്ഷപ്പെടുത്തി. തിരച്ചിൽ തുടരുകയാണെന്നും ശനിയാഴ്ച രാവിലെ ആറ് മൃതദേഹങ്ങൾ കണ്ടെടുത്തുവെന്നും അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച സ്ത്രീയുടെ മൃതദേഹവും കണ്ടെടുത്തിരുന്നു.
യാത്രാമധ്യേ, ബോട്ട് കലങ്ങിയ വെള്ളത്തിൽ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ശാരദാ ഘട്ടിന് സമീപമാണ് ബോട്ട് മറിഞ്ഞത്. ഒഡീഷ ഡിസാസ്റ്റർ റാപ്പിഡ് ആക്ഷൻ ഫോഴ്സ് (ODRAF) തിരച്ചിൽ തുടരുകയാണെന്ന് ജില്ലാ കളക്ടർ കാർത്തികേയ ഗോയൽ പറഞ്ഞു. ഭുവനേശ്വറിൽ നിന്ന് സ്കൂബാ ഡൈവർമാർ തിരച്ചിലിന് എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. മരിച്ചവരുടെ ബന്ധുക്കൾക്ക് 4 ലക്ഷം രൂപ സഹായധനം നൽകുമെന്ന് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് അറിയിച്ചു. ലൈസൻസില്ലാതെയാണ് ബോട്ട് സർവീസ് നടത്തിയതെന്ന് ബിജെപി പ്രാദേശിക നേതാവ് സുരേഷ് പൂജാരി ആരോപിച്ചു.
7 dead after boat with 50 passengers capsizes in Odisha’s Mahanadi river