ആകാശച്ചുഴിയിൽപ്പെട്ട യുണൈറ്റഡ് എയർലൈൻസ് വിമാനത്തിലെ 7 പേർക്ക് പരുക്കേറ്റു. വിമാനം അടിയന്തര ലാൻഡിങ് നടത്തി. ബുധനാഴ്ച മെക്സിക്കോയിലെ കാൻകൂണിൽ നിന്ന് ചിക്കാഗോയിലേക്കുള്ള യാത്രാമധ്യേ യുണൈറ്റഡ് എയർലൈൻസിൻ്റെ ബോയിംഗ് 737 വിമാനമാണ് ആകാശച്ചുഴിയിൽ പെട്ടത്. ലൂസിയാനയ്ക്ക് മുകളിലൂടെ പറക്കുന്നതിനിടെയാണ് വിമാനം പ്രതിസന്ധിയിലായതെന്നാണ് റിപ്പോർട്ട് ചെയ്തതെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. തുടർന്ന് വിമാനം മെംഫിസ് വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തു.വിമാനത്താവളത്തിൽ പാരാമെഡിക്കൽ സ്റ്റാഫ് കാത്തു നിൽക്കുന്നുണ്ടായിരുന്നു. ഗുരുതര പരുക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കി 6 പേർക്ക് പ്രാഥമിക ചികിൽസ നൽകി. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
ഏഴ് ജീവനക്കാരടക്കം 179 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. മെംഫിസിൽ അടിയന്തരമായി ഇറങ്ങിയ വിമാനം പിന്നീട് ചിക്കാഗോ ഓ’ഹെയർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോയി. പ്രതീക്ഷിച്ചതിനേക്കാൾ രണ്ടു മണിക്കൂർ വൈകിയാണ് വിമാനം അവിടെ എത്തിച്ചേർന്നത്.
കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ആഘാതം മൂലം കഴിഞ്ഞ നാല് ദശകങ്ങളിലായി ആകാശച്ചുഴി എന്ന പ്രതിഭാസം 55% വർദ്ധിച്ചതായി റീഡിംഗ് യൂണിവേഴ്സിറ്റി നടത്തിയ ഒരു പഠനത്തിൽ സൂചിപ്പിക്കുന്നു.
മെയ് മാസത്തിൽ സിംഗപ്പൂർ എയർലൈൻസ് വിമാനം ഇത്തരത്തിൽ അപകടത്തിൽ പെട്ട് ഒരു യാത്രക്കാരൻ മരിച്ചിരുന്നു. കഴിഞ്ഞയാഴ്ച, ഗ്രീസിലെ കോർഫുവിൽ നിന്ന് ലണ്ടനിലേക്കുള്ള ഈസിജെറ്റ് വിമാനത്തിലെ രണ്ട് ജീവനക്കാർക്ക് സമാന അപകടത്തിൽ പരുക്കേറ്റിരുന്നു. കഴിഞ്ഞ മാസം മാഡ്രിഡിൽ നിന്ന് ഉറുഗ്വേയിലേക്കുള്ള എയർ യൂറോപ്പ വിമാനം ആകാശച്ചുഴിയിൽ പെട്ട് 30 യാത്രക്കാർക്ക് പരുക്കേറ്റതായി എയർലൈൻസ് പറഞ്ഞു.