
പട്ന: ബിഹാറിലെ റോഹ്താസ് ജില്ലയില്‍ കുടിലിന് തീപിടിച്ച് അഞ്ച് കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴ് പേര്‍ വെന്തുമരിച്ചു. പുഷ്പ ദേവി (30), അവരുടെ രണ്ട് പെണ്‍മക്കളായ കാജല്‍ കുമാരി (നാല്), ഗുഡിയ (രണ്ട്), മകന്‍ ബജ്രംഗി കുമാര്‍ (ആറ്), പുഷ്പയുടെ ബന്ധുക്കളായ കാന്തി കുമാരി (ആറ്), ശിവാനി (മൂന്ന്), മായാ ദേവി (25) എന്നിവരാണ് മരിച്ചത്. പൊള്ളലേറ്റ മറ്റൊരു സ്ത്രീയായ രാജു ദേവിയെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് ദുരന്തമുണ്ടായത്. ജില്ല ആസ്ഥാനമായ സസാരാമിലെ നസ്രിഗഞ്ച് സബ് ഡിവിഷനിലെ ഇബ്രാഹിംപൂര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. അപകടസമയം എല്ലാവരും കുടിലിനുള്ളിലായിരുന്നു. വിവരമറിഞ്ഞ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും രക്ഷാസംഘവും ഉടന്‍ സ്ഥലത്തെത്തി.
മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്നും ബിക്രംഗഞ്ച് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് അനില്‍ ബസക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുടിലിന് സമീപത്തെ ഇലക്ട്രിക് ട്രാന്‍സ്ഫോര്‍മറിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് നാട്ടുകാര്‍ അറിയിച്ചു. സംഭവത്തില്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ദുഃഖം രേഖപ്പെടുത്തി. കുടുംബാംഗങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.