മെക്സിക്കോ സിറ്റി: മെക്‌സിക്കോയുടെ തെക്കൻ പസഫിക് തീരത്ത് ബോട്ടപകടത്തെ തുടർന്ന് മരിച്ച ഏഷ്യയിൽ നിന്നുള്ള എട്ട് കുടിയേറ്റക്കാരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.
രക്ഷപ്പെട്ട ഒരു ഏഷ്യക്കാരനെ കണ്ടെത്തിയതായി തെക്കൻ സംസ്ഥാനമായ ഒക്‌സാക്കയിലെ പ്രോസിക്യൂട്ടർമാർ പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിൽ, മരിച്ചവർ ഏഷ്യയിൽ നിന്നുള്ളവരാണെന്ന് മനസിലായതായി അധികൃതർ വ്യക്തമാക്കി.
മെക്സിക്കോൃ ഗ്വാട്ടിമാല അതിർത്തിയിൽ നിന്ന് ഏകദേശം 250 മൈൽ (400 കിലോമീറ്റർ) കിഴക്കുള്ള പ്ലായ വിസെൻ്റെ പട്ടണത്തിലെ ഒരു ബീച്ചിന് സമീപമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ബോട്ടപകടത്തിൻ്റെ കാരണത്തെക്കുറിച്ചുള്ള അന്വേഷണം നടക്കുന്നുണ്ട്.
മെക്സിക്കോ കടന്ന് യു.എസ് അതിർത്തിയിലെത്താൻ ആഗ്രഹിക്കുന്ന കുടിയേറ്റക്കാരുടെ പ്രധാന പാതയാണ് ഈ പ്രദേശം. ഭൂരിഭാഗം കുടിയേറ്റക്കാരും കര വഴിയാണ് യാത്ര ചെയ്യുന്നത്, എന്നാൽ ചിലർ മെക്സിക്കോയ്ക്കുള്ളിലെ ഇമിഗ്രേഷൻ ചെക്ക്‌പോസ്റ്റുകൾ ഒഴിവാക്കാൻ കടൽ വഴിയുള്ള യാത്രയ്ക്ക് പണം നൽകുന്നു.