സഹപാഠിയെ സംഘം ചേർന്ന് ആക്രമിച്ചു; കാലിഫോർണിയയിൽ 8 സ്കൂൾ വിദ്യാർഥിനികൾ അറസ്റ്റിൽ

വടക്കൻ കാലിഫോർണിയ മരിൻ കൌണ്ടിയിലുള്ള നൊവാറ്റോ നഗരത്തിലെ സിനലോവ മിഡിൽ സ്‌കൂളിലെ 2 വിദ്യാർഥിനികളെ ആക്രമിച്ചു പരുക്കേൽപ്പിച്ച സംഭവത്തിൽ എട്ട് വിദ്യാർത്ഥിനികളെ പൊലീസ് അറസ്റ്റ് ചെയ്തു.

മുൻകൂട്ടി പദ്ധതിയിട്ട് എട്ടു പേർ ചേർന്ന് സഹപാഠിയെ ആക്രമിക്കുകയും അത് കണ്ടു നിന്ന മറ്റു ചില വിദ്യാർഥികൾ അത് മൊബൈൽ ഫോണിൽ പകർത്തുകയും അക്രമം പ്രോൽസാഹിപ്പിക്കുകയും ചെയ്തു.

അക്രമം തടയാൻ ചെന്ന മറ്റൊരു വിദ്യാർഥിയും അക്രമത്തിന് വിധേയയായി. പരുക്കേറ്റ വിദ്യാർഥികളെ ആശുപത്രിയിൽ എത്തിച്ചു. സംഭവത്തിൽ പിടിയിലായത് 12 മുതൽ 14 വയസ്സ് വരെ പ്രായമുള്ള എട്ട് കുട്ടികളാണ്. ഇവരെ മരിൻ കൗണ്ടി ജുവനൈൽ ഹാളിൽ പ്രവേശിപ്പിച്ചതായി നൊവാറ്റോ പോലീസ് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു.

ഉച്ചഭക്ഷണ സമയത്തായിരുന്നു സംഭവം. ഇതിൻ്റെ വിഡിയോ ദൃശ്യങ്ങൾ പ്രദേശിക ടിവി ചാനൽ സംപ്രേക്ഷണം ചെയ്തിട്ടുണ്ട്. അതിൽ നിലത്തിരിക്കുന്ന ഒരു പെൺകുട്ടിയെ കുറേ കുട്ടികൾ ചേർന്ന് അടിക്കുകയും ചവിട്ടുകയും ചെയ്യുന്നത് കാണാം. കുട്ടികൾ തമ്മിൽ പ്രശ്നമുണ്ടെന്ന് അറിഞ്ഞിട്ടും സ്കൂൾ അധികൃതർ വേണ്ട ശ്രദ്ധ നൽകിയില്ല എന്ന രക്ഷിതാക്കൾ കുറ്റപ്പെടുത്തി.

നോവാറ്റോ പോലീസ്, നോവാറ്റോ യൂണിഫൈഡ് സ്കൂൾ ഡിസ്ട്രിക്റ്റ്, സിനലോവ മിഡിൽ സ്കൂൾ അഡ്മിനിസ്ട്രേറ്റർമാർ എന്നിവർ ചേർന്ന് അന്വേഷണം ആരംഭിച്ചു.

8 Students Arrested for Assaulting a girl student At California Middle School

വാർത്ത – പി പി ചെറിയാൻ