കാലിഫോർണിയ: 81ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ഓപ്പണ്‍ഹെയ്മർ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ കിലിയൻ മർഫി മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. മികച്ച ചിത്രത്തിനുള്ള പുരസ്കാരവും ഓപ്പണ്‍ഹെയ്മറിനാണ്. ക്രിസ്റ്റഫർ നോളനാണ് മികച്ച സംവിധായകൻ. ഒറിജിനൽ സ്കോറിനുള്ള പുരസ്കാരം ഓപ്പണ്‍ഹെയ്മറിലൂടെ ലഡ്‌വിഗ് ഗൊരാൻസൺ നേടി.
ആറ്റംബോംബിന്റെ പിതാവെന്ന് അറിയപ്പെടുന്ന ശാസ്ത്രജ്ഞൻ ജെ.റോബർട്ട് ഓപ്പൺഹെയ്മറിന്റെ ജീവിതമാണ് ഓപ്പൺഹെയ്മർ പറയുന്നത്. ക്രിസ്റ്റഫർ നോളൻ തന്നെ തിരക്കഥയെഴുതിയ ചിത്രത്തിൽ കിലിയൻ മർഫിയും റോബർട് ഡൗണിയും എമിലി ബ്ലണ്ടും മുതൽ മാറ്റ് ഡാമൻ വരെ വെള്ളിത്തിരയിൽ വന്നുപോവുന്നവരെല്ലാം അസാമാന്യപ്രകടനമാണ് നടത്തുന്നത്.
മികച്ച ചിത്രത്തിനും സംവിധായകനും ഉള്‍പ്പെടെ അഞ്ച് പുരസ്കാരങ്ങളാണ് ഓപന്‍ഹൈമര്‍ നേടിയത്. ‘കില്ലേഴ്സ് ഓഫ് ദ് ഫ്ലവര്‍ മൂണി’ലെ പ്രകടനം ലില്ലി ഗ്ലാഡ്സ്റ്റോനെ മികച്ച നടിയാക്കി. മ്യൂസിക്കല്‍ കോമഡി വിഭാഗത്തില്‍ എമ്മ സ്റ്റോണ്‍ മികച്ച നടിയായി. ഓപന്‍ഹൈമറിലെ പ്രകടനത്തിന് റോബര്‍ട് ഡൗണി ജൂനിയര്‍ മികച്ച സഹനടനായി. ‘ദ് ബോയ് ആന്‍റ് ഹെറോന്‍’ ആണ് മികച്ച അനിമേറ്റഡ് ചിത്രം. മികച്ച ഇംഗ്ലിഷ് ഇതര ചിത്രത്തിനും തിരക്കഥയ്ക്കുമുള്ള പുരസ്കാരങ്ങള്‍ ‘അനാട്ടമി ഓഫ് എ ഫാള്‍’ നേടി.