വാഷിങ്ടൺ: ഒന്നാം ലോക മഹായുദ്ധത്തിന് പിന്നാലെ ലോക ശക്തിയായി അമേരിക്ക ഉയരുന്ന കാഴ്ച്ചയാണ് മാനവരാശി കണ്ടത്. ശീതയുദ്ധത്തിനോടുവിൽ യു എസ് എസ് ആർ തകർന്നതോടെ അമേരിക്കൻ അപ്രമാദിത്വവും ലോകത്തിന് അംഗീകരിക്കേണ്ടി വന്നു. ചോദ്യം ചെയ്യാനില്ലാത്ത ശക്തിയായി നിലനിൽക്കവേ അമേരിക്കയുടെ ആത്മാഭിമാനത്തിന് മുറിവേറ്റ സംഭവമായിരുന്നു വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണം. അമേരിക്കക്കൊപ്പം ലോകവും നടുങ്ങിയ വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് 23 വർഷം തികഞ്ഞു. അമേരിക്കൻ ഐക്യനാടുകളിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അൽ ഖ്വയിദ ഭീകരർ നടത്തിയ ചാവേർ ആക്രമണത്തിന് ലോകചരിത്രത്തിൽ സമാനതകളില്ല. അതുകൊണ്ടുതന്നെ ചരിത്രത്തിലെ കറുത്ത ദിനങ്ങളിൽ ഒന്നായാണ് 2001 സെപ്തംബർ 11 വിലയിരുത്തപെടുന്നത്.
ആക്രമണം ഇങ്ങനെ
2001 സെപ്തംബർ 11 ന് അൽഖ്വയിദ ഭീകരർ സംഘങ്ങളായി തിരിഞ്ഞ് നാല് അമേരിക്കൻ യാത്രവിമാനങ്ങൾ റാഞ്ചി. ശേഷം അംബരചുംബിയായ വേൾഡ് ട്രേഡ് സെന്ററിന്റെ ഇരട്ട കെട്ടിടങ്ങളിലേക്ക് രണ്ട് വിമാനങ്ങൾ ഇടിച്ചിറങ്ങി. പത്തൊൻപത് പേർ അടങ്ങുന്ന സംഘം നാലായി തിരിഞ്ഞാണ് ആക്രമണം നടത്തിയത്. അമേരിക്കൻ സൈന്യത്തിന്റെ ആസ്ഥാനമായ പെന്റഗണിലേക്ക് ഒരു വിമാനം ഇടിച്ചിറങ്ങി. നാലാമത്തെ വിമാനം വൈറ്റ് ഹൌസ് ലക്ഷ്യമാക്കിയുളളതായിരുന്നുവെന്നാണ് റിപ്പോട്ടുകൾ. യാത്രക്കാരും ഭീകരരും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് പെൻസിൽവാനിയയിലെ പാടശേഖരത്ത് വിമാനം തകർന്നുവീണു. 77 രാജ്യങ്ങളിൽനിന്നുള്ള 2977 പേരാണ് അന്ന് കൊല്ലപ്പെട്ടത്. പതിനായിരത്തിലധികം പേർക്ക് പരുക്കേറ്റു.
അമേരിക്കയുടെ തിരിച്ചടി, ലാദന്റെ കൊലപാതകം
ആക്രമണം നടന്ന തൊട്ടടുത്ത മാസം അമേരിക്കൻ സൈന്യം അഫ്ഗാനിസ്ഥാനിലെത്തി. ഡിസംബറോടെ താലിബാൻ സർക്കാർ താഴെവീണു. വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ ബുദ്ധികേന്ദ്രമായിരുന്ന ഒസാമ ബിൻ ലാദനെ 10 വർഷങ്ങൾക്കിപ്പുറം പാകിസ്ഥാനിൽ കടന്നുകയറി അമേരിക്ക വധിച്ചു. പത്തുവർഷത്തോളം നാറ്റോ സൈന്യം അഫ്ഗാനിസ്ഥാനിൽ തുടർന്നു. എന്നാൽ സൈന്യം മടങ്ങിയതോടെ അഫ്ഗാനിസ്ഥാനിൽ വീണ്ടും താലിബാൻ അധികാരത്തിലെത്തി.