കുവൈത്ത് സിറ്റി: കുവൈത്തിലെ മംഗഫിലുണ്ടായ തീപിടിത്തത്തിൽ മരിച്ച ഒമ്പത് മലയാളികളെ തിരിച്ചറിഞ്ഞു. പന്തളം സ്വദേശി ആകാശ് എസ്.നായർ (23), കൊല്ലം പൂയപ്പള്ളി സ്വദേശി ഉമറുദ്ദീൻ ഷമീർ (33), കാസർകോട് ചെർക്കള സ്വദേശി രഞ്ജിത് കുണ്ടടുക്കം, പത്തനംതിട്ട വാഴമുട്ടം സ്വദേശി പി.വി.മുരളീധരൻ, കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിൻ എബ്രഹാം സാബു (29), കൊല്ലം വെളിച്ചിക്കാല ലൂക്കോസ്(48), കോന്നി അട്ടച്ചാക്കൽ സജു വർഗീസ് (56), കൊല്ലം പുനലൂർ നരിക്കൽ സ്വദേശി സാജൻ ജോർജ്, കാസർകോട് തൃക്കരിപ്പൂർ സ്വദേശി പി.കുഞ്ഞിക്കേളു(58) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. പേരുകൾ പരിശോധിച്ചതിൽ നിന്ന് മരിച്ചവരിൽ 25 പേർ മലയാളികളാണെന്നാണ് മനസിലാക്കുന്നത്.
അപകടത്തില്‍ മൊത്തം 49 പേര്‍ മരിച്ചതായാണ് വിവരം. ഇതില്‍ 41 പേരുടെ മരണം സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. പരിക്കേറ്റ 50 -ലധികം പേരിൽ മൂപ്പതോളം പേർ മലയാളികൾ. അതേസമയം, മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ധനസഹായം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും രണ്ടു ലക്ഷം രൂപ വീതമാണ് അനുവദിക്കുക.
മംഗെഫ് ബ്ലോക്ക് നാലിൽ പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള എൻബിടിസി ക്യാംപിൽ ഇന്ന് പുലർച്ചെ നാലരയോടെയായിരുന്നു തീപിടിത്തം. മലയാളികൾ ഉൾപ്പെടെ 195 പേർ ഫ്ലാറ്റിൽ താമസിച്ചിരുന്നു. സഹായവുമായി ആരോഗ്യവകുപ്പു രംഗത്തുണ്ടെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം അറിയിച്ചു. എൻബിടിസി കമ്പനിയിലെ ഇന്ത്യക്കാരും മറ്റു രാജ്യക്കാരുമായ ജീവനക്കാർ താമസിച്ചിരുന്ന ഫ്ലാറ്റിലാണ് തീപിടിത്തമുണ്ടായത്.തീ നിയന്ത്രണ വിധേയമാക്കി. പരുക്കേറ്റവരെ പുറത്തെടുക്കാനുള്ള ശ്രമം തുടരുന്നു. സംഭവസ്ഥലം പൊലീസിൻ്റെ സുരക്ഷാ വലയത്തിലാണ്. ഗതാഗതം വഴിതിരിച്ചുവിട്ടിട്ടുണ്ട്.