വ്യാജ ബോംബുഭീഷണി വിമാനക്കമ്പനികളുടെ ഉറക്കംകെടുത്തുന്നു: ഒരാഴ്ചയ്ക്കിടെ വന്നത് 90 വ്യാജ ബോംബ് ഭീഷണികൾ

ന്യൂഡൽഹി: വിമാനങ്ങൾക്ക്‌ വ്യാജ ബോംബുഭീഷണി ഒഴിയുന്നില്ല. ഭീഷണി വിമാനക്കമ്പനികളുടെ ഉറക്കംകെടുത്തുന്നതിനോടൊപ്പം യാത്രക്കാരെയും വലയ്ക്കുന്നു. ഞായറാഴ്ച ആഭ്യന്തര – അന്താരാഷ്ട്ര സർവീസുകൾ നടത്തുന്ന 30 വിമാനങ്ങൾക്ക് ഭീഷണിസന്ദേശം കിട്ടി. ഇൻഡിഗോ, വിസ്താര, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ആകാശ എയർ വിമാനക്കമ്പനികൾക്കാണ് ഭീഷണിസന്ദേശം ലഭിച്ചത്. ചിലത് തിരിച്ചിറക്കിയും ചിലത് ലക്ഷ്യത്തിൽ എത്തിയശേഷവും പരിശോധന പൂർത്തിയാക്കി.

ഒരാഴ്ചയ്ക്കിടെ 90 വിമാനസർവീസുകളെയാണ്‌ വ്യാജഭീഷണി ബാധിച്ചത്‌. സാമൂഹികമാധ്യമ അക്കൗണ്ടുകൾ വഴിയാണ് ഭൂരിഭാഗം ഭീഷണിയും. ഇതിൽ 70 മുതൽ 80 ശതമാനംവരെ ഭീഷണിവരുന്നത് വിദേശ അക്കൗണ്ടിൽനിന്നാണ്.

കൊച്ചിയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് 8.24-നും ആകാശ് എയർ 12.05-നും പുറപ്പെട്ടശേഷമാണ് ഭീഷണിസന്ദേശമെത്തിയത്. ഇരുവിമാനങ്ങളും ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായി ഇറക്കിയശേഷം പരിശോധനനടത്തി. വിമാനങ്ങൾ അടിയന്തരമായി ഇറക്കിയശേഷം സർവീസുകൾ പുനരാരംഭിച്ചു. ഇതുവരെ എയർ ഇന്ത്യയുടെ ആറുസർവീസുകളെ ബാധിച്ചെങ്കിലും ഇതിനോട്‌ പ്രതികരിക്കാൻ അധികൃതർ തയ്യാറായിട്ടില്ല.

ഇതുവരെയുള്ള അന്വേഷണത്തിൽ ലണ്ടൻ, ജർമനി,. കാനഡ, യു.എസ്. എന്നിവിടങ്ങളിൽനിന്നുള്ള IP അഡ്രസുകളിൽനിന്നാണ് ഭീഷണിസന്ദേശങ്ങൾ വന്നത്‌. എന്നാൽ,VPN ഉപയോഗിക്കാനുള്ള സാധ്യതയുള്ളതിനാൽ ഈ IP. അഡ്രസുകൾ വിശ്വസിക്കാനാവില്ല. അതിനിടെ വിവിധ വിമാനക്കമ്പനി മേധാവികളുമായി വ്യോമയാന സുരക്ഷാ ഏജൻസിയായ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി ഡയറക്ടർ ജനറൽ ശനിയാഴ്ച കൂടിക്കാഴ്ചനടത്തി. സുരക്ഷിതമാണെന്നും യാത്രക്കാർക്ക് ഭയപ്പെടാതെ പറക്കാമെന്നും ഡയറക്ടർ ജനറൽ വ്യക്തമാക്കിയിരുന്നു. നിലവിൽ പ്രായപൂർത്തിയാകാത്ത ഒരാൾ മാത്രമാണ് ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്..

ബോംബുഭീഷണി ഭൂരിഭാഗവും വന്നത് സാമൂഹികമാധ്യമമായ എക്‌സിലെ ഒരു അക്കൗണ്ടിൽനിന്നാണ്. വെള്ളി, ശനി ദിവസങ്ങളിലായി 46 ഭീഷണികളാണ് ഈ അക്കൗണ്ടിൽനിന്നുണ്ടായത്. ശനിയാഴ്ച ആക്ടീവായിരുന്ന ഈ അക്കൗണ്ട് ഇപ്പോൾ മരവിപ്പിച്ചു.

90 fake bomb threats to flights operating from India in one week

More Stories from this section

family-dental
witywide