ടെക്സസ്: കാർ മോഷണ ശ്രമത്തിനിടെ 90 വയസ്സുള്ള നാവികസേനാ മുൻ ഉദ്യോഗസ്ഥനെ അക്രമികൾ വെടിവെച്ച് കൊന്ന കേസിൽ നിർണായക പ്രഖ്യാപനവുമായി ടെക്സസ് ഗവർണർ രംഗത്ത്. നാവികസേനാ വിമുക്തഭടനെ വെടിവെച്ച് കൊന്ന സംഭവത്തിൽ പ്രതികളുടെ അറസ്റ്റിലേക്ക് നയിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 10 ,000 ഡോളർ വരെ പാരിതോഷികം നൽകുമെന്നാണ് ഗ്രെഗ് ആബട്ടിൻ്റെ ഓഫീസ് പ്രഖ്യാപിച്ചത്. ക്രൈം സ്‌റ്റോപ്പേഴ്‌സിൻ്റെ 5,000 ഡോളർ വരെ പ്രതിഫലത്തിന് പുറമെയാണ് 10,000 ഡോളറെന്നു അബോട്ടിൻ്റെ ഓഫീസ് അറിയിച്ചു.
തെക്കുപടിഞ്ഞാറൻ ഹൂസ്റ്റണിൽ നെൽസൺ ബെക്കറ്റിൻ്റെ കൊലപാതകം ലോൺ സ്റ്റാർ ലിവിംഗ് റിട്ടയർമെൻ്റ് കമ്മ്യൂണിറ്റിക്ക് സമീപമുള്ളവരെയെല്ലാം ഞെട്ടിക്കുന്നതായിരുന്നു. വെസ്റ്റ്ബ്രേ പാർക്ക്‌വേയിലെ കമ്മ്യൂണിറ്റി പാർക്കിംഗ് സ്ഥലത്താണ് ബെക്കറ്റിനെ ആരോ വെടിവച്ചു കൊലപ്പെടുത്തിയത്. കൊലപാതകം നടത്തിയ പ്രതികൾക്കായി പോലീസ് തിരച്ചിൽ തുടർന്നതിനിടെയാണ് നിർണായക പ്രഖ്യാപനവുമായി ടെക്സസ് ഗവർണർ കൂടി രംഗത്തെത്തിയത്.
പട്ടാപ്പകൽ നടന്ന കൊലപാതകം ഇവിടുത്തെ സുരക്ഷയെ കുറിചുള്ള ആശങ്കകൾ വർധിപ്പിച്ചിട്ടുണ്ട്. ഈ വർഷം ജനുവരി മുതൽ ജൂൺ അവസാനം വരെയുള്ള കുറ്റകൃത്യങ്ങളുടെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, 90-കാരൻ മരിച്ചതിന് സമീപമുള്ള വെസ്റ്റ്ബ്രേ പാർക്ക്‌വേയിൽ കുറഞ്ഞത് 61 ക്രൈം റിപ്പോർട്ടുകളെങ്കിലും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം മുഴുവൻ ഇതേ മേഖലയിൽ 81 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.