2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച 543 സ്ഥാനാർത്ഥികളിൽ 93 ശതമാനം (504) പേർക്ക് ഒരു കോടിയിലധികം ആസ്തിയുള്ളതായി അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) വ്യാഴാഴ്ച പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയിക്കുന്ന ‘കോടിപതികളുടെ’ അനുപാതം വർധിച്ചതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2009ൽ, വിജയിച്ച സ്ഥാനാർത്ഥികളിൽ 58 ശതമാനം പേർക്കും ഒരു കോടി രൂപയുടെ ആസ്തി ഉണ്ടായിരുന്നു. 2014ൽ ഇത് 82 ശതമാനമായും 2019ൽ 88 ശതമാനമായും കുത്തനെ ഉയർന്നു.
പല പാർട്ടികളിലും തെരഞ്ഞെടുപ്പിൽ വിജയിച്ച എല്ലാ സ്ഥാനാർത്ഥികളും കോടിപതികളായിരുന്നു. തെലുങ്കുദേശം പാർട്ടി, ജനതാദൾ (യുണൈറ്റഡ്), ശിവസേന (യുബിടി), ശിവസേന, ലോക് ജനശക്തി പാർട്ടി (രാം വിലാസ്), രാഷ്ട്രീയ ജനതാദൾ, ആം ആദ്മി പാർട്ടി, ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ്, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി എന്നിവയായിരുന്നു അവ. അതേസമയം, തെരഞ്ഞെടുപ്പിൽ കുറഞ്ഞ സീറ്റുകൾ മാത്രം നേടിയ പാർട്ടികൾ കൂടിയായിരുന്നു ഇവ.
വലിയ പാർട്ടികളിൽ, വിജയിച്ച 240 ബിജെപി സ്ഥാനാർത്ഥികളിൽ 95 ശതമാനവും ഒരു കോടി രൂപയോ അതിൽ കൂടുതലോ മൂല്യമുള്ള സ്വത്തുണ്ടെന്ന് പ്രഖ്യാപിച്ചിരുന്നു. രണ്ടാമത്തെ വലിയ കക്ഷിയായി ഉയർന്നുവന്ന കോൺഗ്രസിൽ വിജയിച്ച 99 സ്ഥാനാർത്ഥികളിൽ 93 ശതമാനവും കോടിപതികളായിരുന്നു.
ദ്രാവിഡ മുന്നേറ്റ കഴകത്തിൽ നിന്ന് വിജയിച്ച 22 സ്ഥാനാർത്ഥികളിൽ 95 ശതമാനവും അഖിലേന്ത്യ തൃണമൂൽ കോൺഗ്രസ് മത്സരിച്ച വിജയിച്ച 29 സ്ഥാനാർത്ഥികളിൽ 93 ശതമാനവും സമാജ്‌വാദി പാർട്ടി മത്സരിച്ച വിജയിച്ച 37 സ്ഥാനാർത്ഥികളിൽ 92 ശതമാനവും ഒരു കോടി രൂപയോ അതിൽ കൂടുതലോ ആസ്തിയുള്ളവരാണ്.