ഫ്ലോറിഡയിൽ അനധികൃതമായി വളര്‍ത്തിയ 340 കിലോഗ്രാം ഭാരമുള്ള ചീങ്കണ്ണിയെ പിടികൂടി

ഫ്ലോറിഡ: ഫ്ലോറിഡയിലെ ഒരു വീട്ടില്‍ അനധികൃതമായി വളര്‍ത്തിയിരുന്ന 11 അടി നീളവും 340 കിലോഗ്രാം ഭാരമുള്ള ചീങ്കണ്ണിയെ എന്‍വയോണ്‍മെന്റല്‍ കണ്‍സര്‍വേഷന്‍ പോലീസ് ഓഫീസര്‍മാര്‍ പിടികൂടി.

ചീങ്കണ്ണിയെ വളര്‍ത്തിയെന്നു മാത്രമല്ല, വീട്ടുടമസ്ഥന്‍ ഏകദേശം 30 വയസ്സുള്ള തന്റെ ചീങ്കണ്ണിക്ക് വേണ്ടി വീടിനോട് ചേര്‍ന്ന് ഒരു നീന്തല്‍ക്കുളം നിര്‍മ്മിക്കുകയും അതിനെകാണാനും ഒപ്പം നീന്താനും പൊതുജനങ്ങളെ നീന്തല്‍ കുളത്തിലേക്ക് ഇറക്കുകയും ചെയിതിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്.

എന്നാല്‍ തന്റെ ചീങ്കണ്ണിയുടെ പേര്‍ ആല്‍ബര്‍ട്ട് എന്നാണെന്നും അവന്റെ അച്ഛനാണ് താനെന്നും അവന്‍ എല്ലാവര്‍ക്കും കുടുംബാംഗത്തെപ്പോലെയാണെന്നുമായിരുന്നു ഉടമ ടോണി കവല്ലാരോയുടെ പ്രതികരണം. ചീങ്കണ്ണിയെ വളര്‍ത്താനുള്ള ലൈസന്‍സ് 2021 വരെ ടോണിയുടെ കൈവശം ഉണ്ടായിരുന്നു. എന്നാല്‍ അത് പിന്നീട് അധികൃതര്‍ പുതുക്കി നല്‍കിയിരുന്നില്ല. മൂന്ന് വര്‍ഷമായി ലൈസന്‍സ് ഇല്ലാതെയാണ് ടോണി ആല്‍ബര്‍ട്ടിനെ വളര്‍ത്തിയിരുന്നത്.

എന്നാല്‍ ചീങ്കണ്ണിയെ വീട്ടില്‍ സൂക്ഷിക്കുന്നത് നിയമവിരുദ്ധമാണെന്ന് അധികൃതര്‍ പറഞ്ഞു. മാത്രമല്ല, ചീങ്കണ്ണി അപകടകരമായ ജീവി ആയതിനാല്‍ തന്നെ ഇതുമായുള്ള പൊതു സമ്പര്‍ക്കവും നിരോധിച്ചിരുന്നു. എന്നാല്‍, ടോണി തന്റെ അയല്‍പക്കത്തുള്ള കുട്ടികളെ ചീങ്കണ്ണിക്കൊപ്പം നീന്താന്‍ ക്ഷണിച്ചിരുന്നതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചീങ്കണ്ണിക്ക് കാഴ്ചക്കുറവും ചില ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായിരുന്നതായി അധികൃതര്‍ പറഞ്ഞു.

‘മിക്ക ആളുകളും അവരുടെ കുട്ടികളെ പരിപാലിക്കുന്നതിനേക്കാള്‍ നന്നായി ഞാന്‍ അവനെ പരിപാലിച്ചുവെന്നും ആല്‍ബര്‍ട്ടിനെ എന്നില്‍ നിന്നും അധികൃതര്‍ അകറ്റിയെന്നു’മാണ് ഉടമ പറയുന്നത്. ആല്‍ബര്‍ട്ടിനെ തിരികെ ലഭിക്കാന്‍ നിയമ പോരാട്ടത്തിലാണ് ടോണി ഇപ്പോള്‍. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ടോണിക്കാവട്ടെ നിരവധി പേരാണ് പിന്തുണ അറിയിച്ചിരിക്കുന്നത്.