കൊച്ചി: വിവാദങ്ങളുടെ പുക അടങ്ങാതെ ചര്‍ച്ച തുടരുന്ന ഹേമാ കമ്മറ്റി റിപ്പോര്‍ട്ടില്‍ ദിനം പ്രതി പുതിയ പുതിയ വെളിപ്പെടുത്തലുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഒടുവിലായി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ ബംഗാളി നടി രംഗത്തെത്തി. വിഷയത്തില്‍ പ്രതികരണവുമായി മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തറും പ്രതികരണവുമായി എത്തി. മന്ത്രി ഗണേഷ് കുമാറിനെയും
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനേയും സ്ഥാനങ്ങളില്‍ നിന്നും മാറ്റി കേസെടുക്കണമെന്നാണ് എം.പിയുടെ ആവശ്യം.
സ്ത്രീകളെ ചൂഷണം ചെയ്യുന്നവരെ മുഖ്യമന്ത്രി ചിറകിനടിയില്‍ ഒതുക്കി സംരക്ഷിക്കുന്നത് സ്ത്രീകളോടുള്ള വെല്ലുവിളിയാണെന്നും ചലച്ചിത്ര മേഖലയിലെ 15 അംഗ പവര്‍ ഗ്രൂപ്പിലെ അംഗമായ മന്ത്രി ഗണേഷ് കുമാറിനെതിരെ അന്വേഷണം നടത്തണമെന്ന് ഗവര്‍ണ്ണര്‍ പരസ്യമായി ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി. ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ ഇദ്ദേഹത്തെക്കുറിച്ച് കൃത്യമായി പരാമര്‍ശിക്കുന്നുണ്ടെന്നും എം.പി ചൂണ്ടിക്കാട്ടി.
രഞ്ജിത്തിനെതിരെ ബംഗാളി നടി ആക്ഷേപം ഉന്നയിച്ചിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും അക്കാദമിയിലെ ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് നേരത്തെ തന്നെ ആക്ഷേപമുണ്ടെന്നും ജെബി മേത്തര്‍ ചൂണ്ടിക്കാട്ടി.
മാത്രമല്ല, ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന സിനിമ കോണ്‍ക്ലേവ് നടത്തുന്നതിനെക്കുറിച്ചും എം.പി പ്രതികരിച്ചു.
ചൂഷകരെയും, ഇരകളെയും ഒരുമിച്ചിരുത്തി സിനിമ കോണ്‍ക്ലേവ് നടത്താന്‍ അനുവദിക്കില്ലെന്നും ജെബി മേത്തര്‍ നിലപാടറിയിച്ചു