വെടിനിര്‍ത്തലിന് വഴി തുറന്നേക്കാം, ചര്‍ച്ചയ്ക്കായ് ബ്ലിങ്കന്‍ അഞ്ചാം തവണയും മിഡില്‍ ഈസ്റ്റില്‍

ന്യൂഡല്‍ഹി: തിങ്കളാഴ്ച, യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍, മിഡില്‍ ഈസ്റ്റ് പര്യടനത്തിന്റെ ആദ്യത്തെ ഇടമായ സൗദി അറേബ്യയില്‍ എത്തി. ബന്ദി ഉടമ്പടിയിലെത്തുമെന്ന പ്രതീക്ഷയില്‍ ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ ഹമാസുമായുള്ള ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമത്തില്‍, ബ്ലിങ്കെന്‍ ഈ ആഴ്ച ഈജിപ്ത്, ഖത്തര്‍, ഇസ്രായേല്‍ എന്നിവിടങ്ങളിലും സന്ദര്‍ശം നടത്തും.

ഗാസ യുദ്ധം തുടങ്ങിയശേഷം മേഖലയില്‍ ബ്ലിങ്കന്റെ 5ാം സന്ദര്‍ശനമാണിത്.

ഈജിപ്ത്, ഖത്തര്‍ മധ്യസ്ഥതയില്‍ അമേരിക്ക മുന്‍കൈ എടുത്ത് നല്‍കിയ 40 ദിവസത്തെ വെടി നിര്‍ത്തല്‍ കരാര്‍ കഴിഞ്ഞ ആഴ്ചതന്നെ ഹമാസിന് കൈമാറിയെങ്കിലും ഇതുവരെ അവരുടെ ഭാഗത്തുനിന്നും പ്രതികരണമൊന്നും വന്നിട്ടില്ല. ഇസ്രയേലിന്റെ ഭാഗത്തുനിന്നും യുദ്ധം നിര്‍ത്തുമെന്ന ഉറപ്പുലഭിക്കാതെ ഒരു കരാറിനും തയ്യാല്ലെന്നാണ് ഹമാസ് വക്താക്കളുടെ പ്രതികരണം. ഇസ്രയേലിന്റെ ഭാഗത്തനുനിന്നുള്ള വെടിനിര്‍ത്തല്‍ നീക്കമാകട്ടെ യുദ്ധം അവസാനിപ്പിക്കാനല്ല, മറിച്ച് ബന്ദികളെ മോചിപ്പിക്കാന് മാത്രമുള്ളതാണ്. ബന്ദി മോചനം കഴിഞ്ഞാല്‍ യുദ്ധം കൂടുതല്‍ രൂക്ഷമാകുമെന്ന വിലയിരുത്തലും ഹമാസിനുണ്ട്.

അതേസമയം, പരിചയസമ്പന്നനായ നയതന്ത്രജ്ഞന്‍ ആന്റണി ബ്ലിങ്കന്റെ ഏറ്റവും പുതിയ യാത്ര, ചരിത്രത്തിലെ ഏറ്റവും അപകടകരമായ കാലഘട്ടങ്ങളിലൊന്നിലൂടെയാണ് കടന്നു പോകുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രത്യേകിച്ച് യെമനില്‍ നിന്നുള്ള ഹൂത്തികള്‍ ചെങ്കടല്‍ വാണിജ്യ റൂട്ടുകള്‍ ആക്രമിക്കുകയും ഇറാന്‍ പിന്തുണയുള്ള സംഘങ്ങള്‍ പോരാട്ടത്തില്‍ ചേരുകയും ഇറാഖിലും സിറിയയിലും അമേരിക്കന്‍ സൈന്യത്തിന് നേരെ ആക്രമണങ്ങള്‍ നടക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍.

ഇതൊക്കെയാണെങ്കിലും, ഇറാനുമായുള്ള യുദ്ധത്തിനോ സാഹചര്യം കൂടുതല്‍ വഷളാക്കാനോ ബൈഡന്‍ ഭരണകൂടം ആഗ്രഹിക്കുന്നില്ലെന്ന് വീണ്ടും ഉറപ്പിക്കാന്‍ ബ്ലിങ്കെന്‍ ശ്രമിക്കും.