തീവ്രവാദ കുറ്റം ചുമത്തി, റഷ്യയില്‍ കാലുകുത്തിയാല്‍ അറസ്റ്റ്; അലക്‌സി നവല്‍നിയുടെ ഭാര്യ യൂലിയയ്‌ക്കെതിരെയും റഷ്യ

ന്യൂഡല്‍ഹി: പുടിന്റെ ഏറ്റവും ശക്തനായ എതിരാളി എന്ന് അറിയപ്പെട്ടിരുന്ന റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവല്‍നി ജയിലില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചത് ലോകം ഞെട്ടലോടെയാണ് കേട്ടത്. തന്റെ ഭര്‍ത്താവിന്റെ മരണത്തിനു പിന്നില്‍ പുടിനാണെന്ന് ആരോപിച്ച് രംഗത്തെത്തുകയും പോരാട്ടത്തില്‍ ഉറച്ചുനില്‍ക്കുകയും ചെയ്ത അലക്‌സിയുടെ ഭാര്യ യൂലിയ നവല്‍നയയെ അറസ്റ്റ് ചെയ്യാനൊരുങ്ങുകയാണ് റഷ്യ. തീവ്രവാദ കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

മോസ്‌കോയിലെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായി സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ റഷ്യക്ക് പുറത്താണ് ഇവര്‍ താമസിക്കുന്നത്. തീവ്രവാദ സമൂഹവുമായി പങ്കാളിത്തമുണ്ടെന്നാണ് അറസ്റ്റ് വാറണ്ടില്‍ ചൂണ്ടിക്കാട്ടുന്നത്. റഷ്യയില്‍ കാലുകുത്തിയാല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് വിവരം.

കഴിഞ്ഞ ദശകത്തില്‍ റഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രതിപക്ഷ നേതാവായിരുന്നു നവല്‍നി. രാഷ്ട്രീയ പ്രേരിതമെന്ന് പരക്കെ കാണപ്പെട്ട തീവ്രവാദ ആരോപണങ്ങളില്‍ നവല്‍നി 19 വര്‍ഷമായി ശിക്ഷ അനുഭവിച്ചു വരികയായിരുന്നു. ഫെബ്രുവരിയില്‍ ആര്‍ട്ടിക് സര്‍ക്കിളിലെ ജയിലില്‍വെച്ചാണ് അദ്ദേഹം ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടത്. സ്വാഭാവിക കാരണങ്ങളാലാണ് അദ്ദേഹം മരിച്ചതെന്ന് റഷ്യന്‍ അധികൃതര്‍ പറഞ്ഞെങ്കിലും വിഷയം ആഗോള ശ്രദ്ധ നേടുകയും പിന്നില്‍ പുടിനാണെന്ന് ആരോപിച്ച് യൂലിയ രംഗത്തെത്തുകയുമായിരുന്നു. പുടിന്‍ നവല്‍നിയെ പീഡിപ്പിക്കുകയും പട്ടിണിക്കിടുകയും കൊലപ്പെടുത്തുകയും ചെയ്തു എന്നാണ് യൂലിയയുടെ ആരോപണം.

അതേസമയം, അറസ്റ്റ് വാറന്റിനോട് പ്രതികരിച്ച യൂലിയ പുടിനെതിരെ ശക്തമായ വാക്കുകള്‍ ഉപയോഗിച്ച് എക്‌സില്‍ എത്തിയിരുന്നു. വ്ളാഡിമിര്‍ പുടിന്‍ ഒരു കൊലപാതകിയും യുദ്ധക്കുറ്റവാളിയുമാണെന്ന് യൂലിയ പറഞ്ഞു.

ഈ മാസം, യുഎസ് ആസ്ഥാനമായുള്ള ഹ്യൂമന്‍ റൈറ്റ്സ് ഫൗണ്ടേഷന്റെ അധ്യക്ഷയായി യൂലിയ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ലോകമെമ്പാടുമുള്ള മനുഷ്യാവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി പ്രവര്‍ത്തിക്കുന്ന ഒരു ലാഭേച്ഛയില്ലാത്ത സംഘടനയാണിത്.

More Stories from this section

family-dental
witywide