ന്യൂഡൽഹി: എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ് അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത നടപടി ഡൽഹിയിലെ ജനങ്ങളോടുള്ള വഞ്ചനയാണെന്ന് കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്‌രിവാൾ.
“നിങ്ങളുടെ മുഖ്യമന്ത്രി എപ്പോഴും നിങ്ങളോടൊപ്പമാണ് നിന്നത്. അകത്തായാലും പുറത്തായാലും അദ്ദേഹത്തിൻ്റെ ജീവിതം രാജ്യത്തിനായി സമർപ്പിച്ചതാണ്. പൊതുജനങ്ങൾക്ക് എല്ലാം അറിയാം,” അവർ എക്‌സിൽ പോസ്റ്റ് ചെയ്തു.
അധികാരത്തിന്റെ അഹങ്കാരത്തിലാണ് മോദി സർക്കാർ കെജ്രിവാളിനെ അറസ്റ്റ് ചെയ്യിച്ചതെന്ന് സുനിത കെജ്രിവാൾ പറഞ്ഞു. “മൂന്നുതവണ നിങ്ങള്‍ തിരഞ്ഞെടുത്ത മുഖ്യമന്ത്രിയെ അധികാരത്തിന്റെ അഹങ്കാരത്തിലാണ് മോദി അറസ്റ്റ് ചെയ്തത്. നരേന്ദ്ര മോദി എല്ലാവരെയും തകർക്കാൻ ശ്രമിക്കുകയാണ്. ഇത് ഡൽഹിയിലെ ജനങ്ങളോടുള്ള വഞ്ചനയാണ്.” എന്നാണ് സുനിത കെജ്‌രിവാൾ പ്രതികരിച്ചത്.
കെജ്‌രിവാളിൻ്റെ പ്രതിച്ഛായ മോശമാക്കാനുള്ള തീവ്രശ്രമമാണ് ഈ അറസ്റ്റ് എന്ന് വിശേഷിപ്പിച്ച് അദ്ദേഹത്തിൻ്റെ പാർട്ടി ഈ നടപടിയെ തള്ളിക്കളഞ്ഞു.
എക്‌സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കെജ്‌രിവാളിന് അറസ്റ്റ് നടപടികളിൽ നിന്ന് സംരക്ഷണം നൽകാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ നടപടി.