ഡിജെ പാർട്ടി നടത്തുന്ന പാതിരി; ഇൻസ്റ്റാഗ്രാമിൽ 900,000-ത്തിലധികം ഫോളോവേഴ്‌സ് : അറിയാം ഒരു വൈദികൻ്റെ (സു)വിശേഷം

പാട്ടുപാടുകയും നൃത്തം ചെയ്യുകയുമൊക്കെ ചെയ്യുന്ന വൈദികരെ പരിചയം കാണും. എന്നാൽ നല്ല ഒന്നാന്തരം ഡിജെ പാർട്ടി നടത്തുന്ന ഒരു അച്ചനുണ്ട്. ഫാ. ഗിൽഹെം പെയ്‌സോട്ടോ. പോർച്ചുഗലിലാണ് സംഭവം. ഒരു ചെറിയ പോർച്ചുഗീസ് ഗ്രാമത്തിലെ തൻ്റെ പള്ളിക്ക് സമീപം ഡിജെ പാർട്ടി നടത്തി അദ്ദേഹം പ്രശസ്തനായിരിക്കുകയാണ്. സംഗീതത്തിലൂടെ പ്രത്യാശയുടെ സന്ദേശം പ്രചരിപ്പിക്കുക എന്നു മാത്രമാണ് അദ്ദേഹത്തിന്റെ ഉദ്ദേശ്യം.

എല്ലാ വെള്ളിയാഴ്‌ച വൈകുന്നേരം, 49 കാരനായ അച്ചൻ, ക്ലറിക്കൽ കോളറുള്ള കറുത്ത ഷർട്ട് ധരിച്ച് ഡിജെ ബൂത്തിലേക്ക് പോകുമ്പോൾ, നൂറുകണക്കിന് മുതിർന്നവരും ചെറുപ്പക്കാരും വടക്കൻ ഗ്രാമമായ ലൗണ്ടോസിലേക്ക് ഒരു നൈറ്റ് പാർട്ടിക്കായി ഒഴുകിയെത്തുകയാണ്.

അദ്ദേഹത്തിൻ്റെ ഡിജെ സെറ്റിലെ ആദ്യ ഗാനങ്ങളിലൊന്നിൽ മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിൻ്റെ ചരിത്രപരമായ “I have a Dream” പ്രസംഗത്തിൽ നിന്നുള്ള ഉദ്ധരണികൾ ഉൾപ്പെടുന്നു. ടെക്‌നോ സംഗീത പശ്ചാത്തലത്തിൽ ഭക്തി ഗാനങ്ങളും അദ്ദേഹം മിശ്രണം ചെയ്യും.

ഇൻസ്റ്റാഗ്രാമിൽ 900,000-ത്തിലധികം ഫോളോവേഴ്‌സുള്ള പെയ്‌സോട്ടോ മറ്റിടങ്ങളിലും പരിപാടി അവതരിപ്പിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബുകളിലൊന്നായ ഹി ഇബിസയിൽ വ്യാഴാഴ്ച അദ്ദേഹം പ്രകടനം നടത്തി, ഇറ്റലി, സ്പെയിൻ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിലും പരിപാടികൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വർഷം, പോപ്പ് ഫ്രാൻസിസിൻ്റെ പോർച്ചുഗൽ സന്ദർശന വേളയിൽ പെയ്ക്‌സോട്ടോയെ പരിപാടി അവതരിപ്പിക്കാൻ ക്ഷണിച്ചിരുന്നു. സംഗീതം അദ്ദേഹത്തിന് വളരെ പ്രധാനമാണ്, 2019 ൽ, വത്തിക്കാനിലേക്കുള്ള ഒരു യാത്രയ്ക്കിടെ, തൻ്റെ ഹെഡ്‌ഫോണുകൾ വെഞ്ചരിച്ചു തരാൻ അദ്ദേഹം പോപ്പിനോട് ആവശ്യപ്പെട്ടിരുന്നു. “സംഗീതം നമ്മെ ഒന്നിപ്പിക്കുന്നു,” അദ്ദേഹം പറഞ്ഞു.

“ഒരു പുരോഹിതനാകുക എന്നതിനർത്ഥം ആളുകൾക്കിടയിൽ അവർക്കൊപ്പം ഉണ്ടായിരിക്കുക എന്നതാണ്. അവർ ഉയർന്ന ധാർമികതയും മൂല്യങ്ങളും വച്ചു പുലർത്തുന്നവരാണെങ്കിൽ നൈറ്റ് പാർട്ടിക്ക് പോകുന്നതുകൊണ്ട് കുഴപ്പമില്ല എന്നാണ് അവർക്ക് മനസ്സിലാക്കി കൊടുക്കുന്നത് ” അദ്ദേഹം പറയുന്നു.

പുലർച്ചെ വരെ നീണ്ടുനിന്ന പാർട്ടിയുടെ പിറ്റേന്ന് രാവിലെ തന്നെ വെളുത്ത ളോഹ അണിഞ്ഞ് കൈയിൽ ബൈബിളുമായി അദ്ദേഹം പള്ളിയിൽ പ്രാർഥനയ്ക്ക് കയറും. ക്രിസ്തുവിനെയും സഹിഷ്ണുതയെയും വിശ്വാസത്തെയും സ്നേഹത്തെയും കുറിച്ച് സംസാരിക്കാനുള്ള തൻ്റെ വഴി ഇതാണ് എന്ന് അദ്ദേഹം പറയുന്നു.

A DJ priest plays upbeat tunes to spread hope and faith

More Stories from this section

family-dental
witywide