വടക്കന്‍ ഓസ്ട്രേലിയയിലെ ഒരു ഗ്രാമത്തെ ഭീതിയിലാഴ്ത്തിയ ഭീമാകാരമായ മുതലയെ പരമ്പരാഗത ഉത്സവത്തിനിടെ നാട്ടുകാര്‍ കൊന്ന് പാകംചെയ്ത് ഭക്ഷിച്ചു. 3.63 മീറ്റര്‍ നീളമുള്ള മുതലയാണ് ആളുകള്‍ക്ക് ഭക്ഷണമായി മാറിയത്.
ഈ വര്‍ഷമാദ്യം ഉണ്ടായ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് വാസസ്ഥലത്ത് നിന്ന് അകലെയുള്ള ബെയ്ന്‍സ് നദിയിലേക്ക് എത്തിയ മുതല സമീപവാസികളായ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഭീഷണിയാകുകയായിരുന്നു. മുതലയുടെ ശല്യം കാരണം നദിയില്‍ ഇറങ്ങാന്‍ ആളുകള്‍ ഭയപ്പെട്ടിരുന്നു. മാത്രമല്ല, നിരവധി നായകളെ മുതല പിടികൂടുകയും ചെയ്തിരുന്നു. ഒടുവില്‍ മുതലയുടെ ശല്യം കൂടി വന്നതോടെ ആദിവാസി സമൂഹത്തിലെ മുതിര്‍ന്നവരുമായും പരമ്പരാഗത ഭൂവുടമകളുമായും സംസാരിച്ചതിന് ശേഷം ചൊവ്വാഴ്ച പോലീസ് വെടിവെച്ച് കൊല്ലുകയായിരുന്നു. തുടര്‍ന്ന് അതിനെ അടുത്തുള്ള ആദിവാസി സമൂഹത്തിലേക്ക് കൊണ്ടുപോകുകയും അവിടെ പരമ്പരാഗത രീതിയിലെ വിരുന്നിനായി മുതലയെ പാകം ചെയ്യുകയുമായിരുന്നു. മുതല ഇറച്ചിക്കൊണ്ട് സൂപ്പും ബാര്‍ബിക്യൂവും വാഴയിലയില്‍ പൊതിഞ്ഞ് പാകം ചെയ്യുന്ന പ്രത്യേക വിഭവങ്ങളും തയ്യാറാക്കി.
അടുത്തിടെയുണ്ടായ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ഓസ്‌ട്രേലിയയുടെ വിവിധ പ്രദേശങ്ങളില്‍ മുതലകളുടെ സാന്നിധ്യം വര്‍ദ്ധിച്ചിട്ടുണ്ട്. ഉപ്പുവെള്ള മുതലകള്‍ക്ക് ഏതാണ്ട് ആറ് മീറ്റര്‍ (20 അടി) വരെ വളരാന്‍ കഴിയും, ഒരു ടണ്‍ വരെ ഭാരവും ഉണ്ടാകും ഏതാണ്ട് എന്തും തിന്നുന്ന പ്രകൃതക്കാരുമാണ് ഇവ.