ന്യൂഡല്‍ഹി: ലെബനനില്‍ നിന്ന് തൊടുത്ത റോക്കറ്റ് ശനിയാഴ്ച ഇസ്രായേല്‍-അധിനിവേശ സിറിയന്‍ ഗോലാന്‍ ഹൈറ്റ്‌സിലെ ഫുട്‌ബോള്‍ മൈതാനത്ത് പതിച്ച് കുട്ടികളടക്കം 11 മരണം.
ഒക്ടോബര്‍ 7 ന് ശേഷം ഇസ്രായേലി ജനങ്ങള്‍ക്കെതിരായ ഏറ്റവും മാരകമായ ആക്രമണം’ എന്നാണ് ഇസ്രയേല്‍ സൈന്യം ഇതിനെ വിശേഷിപ്പിച്ചത്.
ലെബനന്‍ ഗ്രൂപ്പായ ഹിസ്ബുള്ള തൊടുത്ത റോക്കറ്റാണ് 10 നും 20 നും ഇടയില്‍ പ്രായമുള്ളവരുടെ ജീവനെടുത്തത്. മജ്ദല്‍ ഷംസ് പട്ടണത്തിലെ ഫുട്‌ബോള്‍ മൈതാനത്ത് കുട്ടികള്‍ ഉള്‍പ്പെടെ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.
ആക്രമണത്തോട് പ്രതികരിച്ച ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവാകട്ടെ ഇതിന് കനത്ത വില നല്‍കേണ്ടി വരുമെന്ന് ഹിസ്ബുള്ളയ്ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തെക്കന്‍ ലെബനനില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ നാല് ഹിസ്ബുള്ള പോരാളികള്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഗോലാനും വടക്കന്‍ ഇസ്രായേലിനുമെതിരെ പ്രതികാര റോക്കറ്റ് ആക്രമണം നടത്താന്‍ ഇറാന്‍ പിന്തുണയുള്ള തീവ്രവാദി ഗ്രൂപ്പ് തീരുമാനിച്ചത്.