കുന്നംകുളം: സംസ്ഥാനത്ത് ബോംബുണ്ടാക്കുന്നതിനിടയില്‍ യുവാവിന് ജീവന്‍ നഷ്ടമായ സംഭവത്തിന്റെ നടുക്കു മാറുംമുമ്പ് ആശങ്കയുളവാക്കുന്ന മറ്റൊരു സംഭവം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കുന്നംകുളം ചിറ്റഞ്ഞൂരില്‍ ഉഗ്രശേഷിയുള്ള സ്ഫോടക വസ്തു കണ്ടെത്തി. പ്രധാനമന്ത്രി കുന്നംകുളത്ത് സന്ദര്‍ശനം നടത്താനിരിക്കെയാണ് ഇത്തരമൊരു സംഭവമുണ്ടായതെന്നത് പൊലീസിനും തലവേദനയാകുന്നുണ്ട്. അതീവ ഗൗരവത്തോടെയാണ് പോലീസ് ഇതിനെക്കാണുന്നത്.
തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച കുന്നംകുളം സന്ദര്‍ശിക്കാനിരിക്കെ മേഖലയില്‍ പോലീസ് വലിയ രീതിയിലുള്ള സുരക്ഷക്രമീകരണങ്ങള്‍ ഒരുക്കി വരികയാണ്.
ചിറ്റഞ്ഞൂരിലെ ഇമ്മാനുവേല്‍ സ്‌കൂളിന് സമീപത്ത് നിന്നാണ് സ്ഫോടക വസ്തു കണ്ടെടുത്തത്. വെടിക്കെട്ടിന് ഉപയോഗിക്കുന്ന ഇനമാണ് കണ്ടെത്തിയ സ്‌ഫോടക വസ്തു. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന യുവാവ് സ്ഫോടക വസ്തുവുമായി നടക്കുന്നത് കണ്ട നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. കൂടുതല്‍ പരിശോധനകള്‍ക്കും തുടര്‍ നടപടികള്‍ക്കുമായി ബോംബ് സ്‌ക്വാഡെത്തി സ്ഫോടക വസ്തു സമീപത്തെ പാടത്തേക്ക് മാറ്റി.
സമീപ പ്രദേശങ്ങളില്‍ കൂടുതല്‍ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായിട്ടില്ല.