വിമാനത്തില്‍ സഹയാത്രികരെ ചവിട്ടി, തുപ്പി…ആകെ ബഹളം; അമേരിക്കന്‍ യുവതിക്ക് വന്‍ പിഴ, ഒടുവില്‍ കേസും

ടെക്‌സാസ്: വിമാനത്തില്‍ സഹയാത്രികരെ ആക്രമിച്ചതിന് 81,950 ഡോളര്‍ പിഴയടക്കുന്നതില്‍ പരാജയപ്പെട്ടതിന് 34 കാരിയായ അമേരിക്കന്‍ യുവതിക്കെതിരെ കേസ്. 2021ല്‍ അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിലായിരുന്നു സംഭവം.

2021 ജൂലൈ 7-ന് ടെക്സാസില്‍ നിന്ന് ഷാര്‍ലറ്റിലേക്കുള്ള വിമാനത്തില്‍ യാത്രക്കാര്‍ക്ക് നേരെ ഹീതര്‍ വെല്‍സ് എന്ന യുവതി അക്രമം അഴിച്ചുവിടുകയായിരന്നു. യുവതി സഹയാത്രികരെ ചവിട്ടുകയും തുപ്പുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്എഎ) അവര്‍ക്ക് 81,950 ഡോളര്‍ പിഴ ചുമത്തി. ഒരു യാത്രക്കാരന്റെ അക്രമാസക്തമായ പെരുമാറ്റത്തിന് ചുമത്തിയ ഏറ്റവും ഉയര്‍ന്ന പിഴയായിരുന്നു ഇതെന്ന് ന്യൂയോര്‍ക്ക് ടൈംസ് പറഞ്ഞു. എന്നാല്‍, പിഴ അടക്കുന്നതില്‍ പരാജയപ്പെട്ടതിന് എഫ്എഎ ഇപ്പോള്‍ അവര്‍ക്കെതിരെ കേസെടുത്തിരിക്കുകയാണ്.

വിമാനം പറന്നുകൊണ്ടിരിക്കെ, യുവതി ഒരു ഫ്‌ലൈറ്റ് അറ്റന്‍ഡന്റിനെയും യാത്രക്കാരെയും കടിക്കുകയും തലയില്‍ കുത്താന്‍ ശ്രമിക്കുകയും ചെയ്തു. മാത്രമല്ല, കൂടുതല്‍ പ്രകോപിതയായ യുവതി വിമാനത്തില്‍ നിന്ന് പുറത്തുകടക്കാന്‍ മുന്‍വശത്തെ വാതില്‍ തുറക്കാന്‍ ശ്രമിച്ചതോടെ അവരെ സീറ്റിലേക്ക് ചേര്‍ത്ത് കെട്ടിയിടേണ്ടതായി പോലും വന്നിരുന്നു.

വിമാനം ഷാര്‍ലറ്റ് എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്തതിന് ശേഷം യുവതിയെ മയക്കിയാണ് തുടര്‍ നടപടിക്കായി മാറ്റിയത്.

ക്രൂ അംഗങ്ങളെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും വിമാനത്തിന്റെയും ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തിയതിനും 45,000 ഡോളര്‍ വരെയും വിമാനത്തിനുള്ളില്‍ ക്യാബിന്‍ വാതില്‍ തുറക്കാന്‍ ശ്രമിച്ചതിന് 27,950 ഡോളറും കൂടാതെ, 9,000 ഡോളറും പിഴ ചുമത്തിയിട്ടുണ്ട്.