‘പാമ്പ് സർക്കാരിന്റേതാണെങ്കിൽ കോഴി എന്റേതാണ്’: വനം വകുപ്പ് നൽകാനുള്ള നഷ്ടപരിഹാരം തേടി കർഷകൻ നടന്നത് 2 കൊല്ലം

കാസർകോട്: വെള്ളരിക്കുണ്ടിലെ ഒരു കർഷകൻ്റെ നിശ്ചദാർഢ്യത്തിനു മുന്നിൽ തോറ്റിരിക്കുകയാണ് വനം വകുപ്പ്. അതിനു വേണ്ടി ആ കർഷകൻ നടത്തിയ പോരാട്ടങ്ങളുടെ ഒരു ശതമാനം പോലും വരില്ല വനം വകുപ്പ് നൽകിയ നഷ്ടപരിഹാരത്തുകയെങ്കിലും. കർഷകനായ കെ.വി. ജോർജ് കടവനാണ് വനം വകുപ്പുമായി കൊമ്പുകോർത്തത്.

മാലോം വില്ലേജിൽ കൊന്നക്കാട്, വട്ടക്കയത്താണ് ജോർജിന്റെ വീട്. 2022 ജൂണിലാണ് കേസിന് ആസ്പദമായ സംഭവം. കോഴി വളർത്തുന്നുണ്ടായിരുന്നു ജോർജ്. ദിവസം തോറും കൂട്ടിൽ കോഴിയുടെ എണ്ണം കുറഞ്ഞുവന്നു. ഒരു ദിവസം കൂടുപൊളിച്ചു കയറുന്ന കള്ളനെ പിടികൂടി. പ്രതി പെരുമ്പാമ്പ്. നിയമപ്രകാരം ജോർജ് വനംവകുപ്പിനെ വിവരം അറിയിച്ചു. വനപാലകർ പാമ്പിനെ പിടിച്ചുകൊണ്ടുപോയി വനത്തിൽവിട്ടു. ജോർജിന്റെ കൂട് കാലിയായി. നഷ്ടം 10,000 രൂപയെന്ന് വനംവകുപ്പധികൃതർ കണക്കാക്കി. അപേക്ഷിച്ചാൽ തുക ലഭിക്കുമെന്ന ഉറപ്പുംനൽകി. പതിനായിരം പോയിട്ട് 10 രൂപ പോലും കിട്ടിയില്ല.താഴേത്തട്ട് മുതൽ ജോർജ് പരാതിനൽകി. ഫലംകണ്ടില്ല.

‘പാമ്പ് വിഴുങ്ങിയ കോഴികൾക്ക് ഒരു രൂപയെങ്കിലും നഷ്ടപരിഹാരം കിട്ടിയേ തീരൂ എന്നായി ജോർജ്. വനംവകുപ്പ് സെക്രട്ടറിയുടെ മുമ്പിൽവരെ അപേക്ഷയെത്തി. നടപടിവന്നില്ല. 2023 ജൂൺ ഒന്നിന് വെള്ളരിക്കുണ്ടിൽ അന്നു മന്ത്രിയായിരുന്ന അഹമ്മദ് ദേവർകോവിലിന്റെ സാന്നിധ്യത്തിൽ നടന്ന അദാലത്തിലേക്ക് ജോർജ് പരാതിയുമായെത്തി. ‘പാമ്പ് സർക്കാരിൻ്റേതെങ്കിൽ കോഴി എന്റേതാണ്. നഷ്ടപരിഹാരം കിട്ടിയേതീരൂ’. എന്ന് മന്ത്രിയോടും പറഞ്ഞു. പരിശോധിച്ച് വേണ്ടത് ചെയ്യുമെന്നായിരുന്നു മന്ത്രിയുടെ ഉറപ്പ്. എന്നിട്ടും അനക്കമില്ല. ജോർജ് നടപ്പ് അവസാനിപ്പിച്ചില്ല. പരാതിയുടെ പിന്നാലെ നടന്നുകൊണ്ടേയിരുന്നു.

നടപടി വൈകിയപ്പോൾ ജോർജ് പരാതി തുടർന്നു. വനംവകുപ്പധികൃതരെ വിടാതെ പിന്തുടർന്നു. പ്രശ്നം മനുഷ്യാവകാശകമ്മിഷന്റെ മുമ്പിലെത്തിക്കാനുള്ള ഒരുക്കത്തിലായിരുന്നു. അപ്പോൾ ജില്ലാ വനം ഓഫിസിൽ നിന്ന് അറിയിപ്പു കിട്ടി 2000 രൂപ അനുവദിച്ചെന്ന് . വനം വകുപ്പ് വാഗ്ദാനം ചെയ്ത പതിനായിരത്തിൽ 8000 രൂപ ഏതുവഴിക്ക് പോയെന്ന് ജോർജിന് അറിയില്ല. എന്തായാലും വനം വകുപ്പിന്റെ സ്വൈര്യം കെടുത്തിയിട്ടാണെങ്കിലും ഇത്രയെങ്കിലും കിട്ടിയല്ലോ എന്നാണ് ജോർജിൻ്റെ ആശ്വാസം. പാമ്പ് പൊളിച്ച കോഴിക്കൂട് പുതുക്കി പണിത് പുതിയ കോഴികളെ വളർത്താൻ തുടങ്ങി ജോർജ്. അതിന് 40000 രൂപയ്ക്ക് മുകളിൽ ചെലവുമായി.

A Kerala Farmer who fought Against Forest Department finally gets compensation

More Stories from this section

family-dental
witywide