മിനസോട്ട: മിനസോട്ടയിലെ സെന്റ്‌റ് പോള്‍ പോസ്റ്റ് ഓഫീസ് ജീവനക്കാരനായ മലയാളി റോയ് വര്‍ഗീസി(50)ന് ജോലിക്കിടെ മാരകമായി വെടിയേറ്റു. സഹ പ്രവര്‍ത്തകന്‍ 28 കാരനായ ടെവാബെ സെമു ഗെറ്റാച്യൂവാണ് ക്രൂരതയ്ക്ക് പിന്നില്‍. ഇയാളെ പിന്നീട് പൊലീസ് പിടികൂടി.
ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. റോയ് വര്‍ഗീസിനെ പ്രതി പലവട്ടം വെടിവച്ചു. ഈഗനില്‍ താമസിക്കുന്ന റോയ് വര്‍ഗീസിന്റെ പരുക്ക് ഗുരുതരമാണ്. എങ്കിലും അത്ഭുതകരമായി അദ്ദേഹം ജീവിതത്തിലേക്ക് മടങ്ങിയെത്തുകയാണെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. വെടിയേറ്റ മുറിവുകളില്‍ ഭൂരിഭാഗവും പിന്നിലാണ്. ചൊവ്വാഴ്ച അദ്ദേഹം വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയനാകും.
1715 വെസ്റ്റ് 7-ആം സ്ട്രീറ്റിലുള്ള യുഎസ് പോസ്റ്റ് ഓഫീസില്‍ ഉച്ചകഴിഞ്ഞ് 3:30 ഓടെയാണ് വെടിവയ്പ്പ് ഉണ്ടായത്. സെന്റ് പോള്‍ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി റോയ് വര്‍ഗീസിനെ ആശുപത്രിയിലെത്തിച്ചു. റോയിയെ വെടിവച്ച 28 കാരനെ പോസ്റ്റോഫീസില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ നിന്നാണ് പൊലീസ് പിടികൂടിയത്. അതേസമയം, വെടിവയ്പ്പിലേക്ക് നയിച്ച സാഹചര്യം വ്യക്തമല്ല.
ഫെബ്രുവരിയിലാണ് ടെവാബെ ഇവിടെ ജോലിക്ക് കയറിയത്. ഇയാള്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്ന് പൊലീസ് റിപ്പോര്‍ട്ടിലുണ്ട്. അയാള്‍ മിക്കപ്പോഴും തന്റെ ജോലി ചെയ്യാന്‍ വിസമ്മതിക്കുകയും സൂപ്പര്‍വൈസറുമായി വഴക്കിടുകയും ചെയ്യാറുണ്ടായിരുന്നു. മാത്രമല്ല, റാംസെ കൗണ്ടിയില്‍ നിന്ന് കൈത്തോക്ക് കൈവശം വയ്ക്കാനുള്ള പെര്‍മിറ്റും ഇയാള്‍ നേടിയിരുന്നു.
അക്രമി മുന്‍പ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ മേലുദ്യോഗസ്ഥനെ കൊല്ലണമെന്നും ഇതിനായി ഒരാളെ ഏര്‍പ്പെടുത്തുമെന്നും പറഞ്ഞത് കേസായിരുന്നു.