കൂറ്റന്‍ ഛിന്നഗ്രഹം 65,215 കിലോമീറ്റര്‍ വേഗതയില്‍ ഭൂമിയിലേക്ക് കുതിക്കുന്നതായി നാസ മുന്നറിയിപ്പ് നല്‍കി. 2024 MT1 എന്ന് പേരിട്ടിരിക്കുന്ന ഈ ഛിന്ന ഗ്രഹത്തിന് ഏകദേശം 260 അടി വ്യാസമുണ്ടെന്നാണ് നാസ പറയുന്നത്. മാത്രമല്ല വലുപ്പം വെച്ചുനോക്കിയാല്‍ ഈ ഛിന്നഗ്രഹം സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയോളം വരും.
ജൂലൈ പത്താം തീയ്യതി യൂണിവേഴ്‌സല്‍ സമയം 14.51നായിരിക്കും 2024 MT1 ഭൂമിയോട് ഏറ്റവും അടുത്ത് എത്തിച്ചേരുന്നത്. ഭൂമിയില്‍ നിന്ന് ഏതാണ്ട് 4.35 ദശലക്ഷം കിലോമീറ്റര്‍ അകലെയായിരിക്കും അപ്പോള്‍ ഈ ഭീമന്‍ ഛിന്നഗ്രഹം. ജ്യോതിശാസ്ത്ര വിദഗ്ധരുടെ കണക്കുകൂട്ടലുകള്‍ പ്രകാരം ഛിന്നഗ്രഹത്തിന്റെ ഭൂമിയോട് അടുത്ത ഭാഗം ഇവിടെ നിന്ന് 4.31 ദശലക്ഷം കിലോമീറ്റര്‍ ദൂരത്തിലും ഏറ്റവും അകലെയുള്ള ഭാഗം 4.39 ദശലക്ഷം കിലോമീറ്റര്‍ അകലെയും ആയിരിക്കും. ഇത്രയും വലുപ്പത്തിലുള്ള ഛിന്നഗ്രഹങ്ങള്‍ ഭൂമിയുമായി കൂട്ടിയിടിച്ചാല്‍ കാര്യമായ നാശനഷ്ടം വരുത്തിയേക്കാമെന്നതിനാല്‍ അപകടസാധ്യതയുള്ളതായി കണക്കാക്കപ്പെടുന്നു.
ഭൂമിയോട് അടുത്ത് വരുന്ന ഛിന്നഗ്രഹങ്ങളെയും ധൂമകേതുക്കളെയും ട്രാക്ക് ചെയ്യുകയും വിവരങ്ങള്‍ നല്‍കുകയും ചെയ്യുന്ന നാസയുടെ നിയര്‍-എര്‍ത്ത് ഒബ്ജക്റ്റ് ഒബ്‌സര്‍വേഷന്‍സ് പ്രോഗ്രാമാണ് ഛിന്നഗ്രഹം 2024 MT1 നെ ആദ്യമായി കണ്ടെത്തിയത്. ഇത്തരം വസ്തുക്കളെ നിരീക്ഷിക്കാന്‍ ഗ്രൗണ്ട് അധിഷ്ഠിത ടെലിസ്‌കോപ്പുകളും റഡാര്‍ സംവിധാനങ്ങളും ഉപയോഗിക്കുന്നു.
നിലവില്‍, കാലിഫോര്‍ണിയയിലെ പസഡെനയിലുള്ള നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി (ജെപിഎല്‍) ഛിന്നഗ്രഹത്തിന്റെ പാത സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഛിന്നഗ്രഹത്തിന്റെ സ്ഥാനം, വേഗത, ഭൂമിയില്‍ നിന്നുള്ള ദൂരം എന്നിവയെക്കുറിച്ചുള്ള തത്സമയ ഡാറ്റയും നാസ പരിശോധിക്കുന്നുണ്ട്. നിലവില്‍ കൂട്ടിയിടി ഭീഷണി ഇല്ലെങ്കിലും അതിനുള്ള സാധ്യത നാസ തള്ളിക്കളയുന്നില്ല.