തിരുവനന്തപുരം: കൊല്‍ക്കത്തയിലെ യുവ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി ഇന്ന് ഡോക്ടര്‍മാര്‍ പണിമുടക്കുന്നു. രാവിലെ ആറ് മണി മുതല്‍ ആരംഭിച്ച പണിമുടക്ക് ഞായറാഴ്ച രാവിലെ ആറ് മണിവരെ നീണ്ടുനില്‍ക്കും.
കേരളത്തിലും ഡോക്ടര്‍മാര്‍ 24 മണിക്കൂര്‍ പണിമുടക്കുന്നുണ്ട്. സര്‍ക്കാര്‍, സ്വകാര്യ, മെഡിക്കല്‍ കോളേജ് ഒ പികള്‍ പ്രവര്‍ത്തിക്കില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു. തിരുവനന്തപുരം റീജ്യണല്‍ ക്യാന്‍സര്‍ സെന്ററിലെ ഡോക്ടര്‍മാരും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. ഡെന്റല്‍ കോളേജ് ആശുപത്രികളിലും ഒ.പി സേവനം ഉണ്ടാകില്ല. അഡ്മിറ്റ് ചെയ്ത രോഗികള്‍ക്കുള്ള ചികിത്സയും അവശ്യ സേവനങ്ങളും നല്‍കും.
മെഡിക്കല്‍ കോളേജ് ആശുപത്രിയിലുള്‍പ്പെടെ അത്യാഹിത വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കും. അവശ്യ സര്‍വ്വീസുകള്‍ ഒഴികെ ഒ.പി ഉള്‍പ്പെടെയുള്ള മറ്റ് ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ ഡോക്ടര്‍മാര്‍ ബഹിഷ്‌കരിക്കും. അതേസമയം, ദുരന്തം തളര്‍ത്തിയ വയനാട് ജില്ലയെ സമ്പൂര്‍ണ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വയനാട്ടിലെ ഡോക്ടര്‍മാര്‍ പ്രതിഷേധ സൂചകമായി കറുത്ത ബാഡ്ജ് ധരിച്ച് ജോലി ചെയ്യും.