ആലപ്പുഴ: ഓണ്‍ലൈന്‍ ഓഹരി വ്യാപാര നിക്ഷേപവുമായി ബന്ധപ്പെട്ട് സംസ്ഥാനം ഇതുവരെ കണ്ടതില്‍വെച്ച് ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ് ആലപ്പുഴയില്‍. ഓണ്‍ലൈന്‍ ഓഹരി വ്യാപാര നിക്ഷേപവുമായി ബന്ധപ്പെട്ട് ചേര്‍ത്തല സ്വദേശിക്ക് നഷ്ടമായത് 7.55 കോടി രൂപയാണ്. രണ്ട് മാസത്തിനിടയിലാണ് ഇത്രയും ഭീമമായ തുക നഷ്ടപ്പെട്ടത്.
INVESCO CAPITAL, GOLDMANS SACHS എന്നീ കമ്പനികളുടെ പേരിലാണ് തട്ടിപ്പ് നടത്തി വന്നത്.
കമ്പനി അധികൃതരെന്ന പേരില്‍ കബളിപ്പിച്ചും വിശ്വസനീയമായ രീതിയില്‍ വ്യാജരേഖകള്‍ കാണിച്ചും നിക്ഷേപത്തിന് ഉയര്‍ന്ന ലാഭം നല്‍കുമെന്ന് ഉറപ്പുനല്‍കിയാണ് പണം തട്ടിയത്. നിക്ഷേപ ലാഭം ഉള്‍പ്പെടെ 39,72,85,929 രൂപ ഇന്റേണല്‍ ഇക്വിറ്റി അക്കൗണ്ടില്‍ ഉണ്ടെന്ന് വ്യാജ സ്റ്റേറ്റ്മെന്റ് അയച്ച് കൂടുതല്‍ വിശ്വാസം പിടിച്ചുപറ്റിയാണ് തട്ടിപ്പിന് നടത്തിയത്.
നിക്ഷേപം 15 കോടിയാക്കണമെന്ന ആവശ്യം നിരസിച്ചതിനെ തുടര്‍ന്നാണ് കാര്യങ്ങളുടെ ഗതി മാറിയത്. അക്കൗണ്ട് താല്‍ക്കാലികമായി മരവിപ്പിക്കുകയും നിക്ഷേപിച്ച തുക തിരികെ കിട്ടണമെങ്കില്‍ രണ്ട് കോടി രൂപ കൂടി നല്‍കണമെന്നും ഇല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയെടുത്തത്.