ഗാന്ധിജിയെ വെടിവെച്ച് കൊല്ലാനായി ഉപയോഗിച്ച 9 mm ബെരേറ്റ സെമി ഓട്ടോമാറ്റിക് പിസ്റ്റളിന് എന്തു സംഭവിച്ചു

ഗാന്ധി ഘാതകര്‍ ഗ്വാളിയോറില്‍നിന്ന് സംഘടിപ്പിച്ച 9 mm ബെരേറ്റ സെമി ഓട്ടോമാറ്റിക് പിസ്റ്റള്‍ എവിടെയുണ്ട് . ? ഡല്‍ഹിയിലെ നാഷണല്‍ ഗാന്ധി മ്യൂസിയത്തിലായിരുന്നു 1997 വരെ തോക്ക്. മ്യൂസിയത്തില്‍ പൊതുദര്‍ശനത്തിന് വെച്ചിരുന്നു. പിന്നീട് ആ തോക്കിന് എന്തു സംഭവിച്ചു? 1997-ല്‍ 9 mm ബെരേറ്റ നാഷണല്‍ ഗാന്ധി മ്യൂസിയത്തിലെ രക്തസാക്ഷി ഗ്യാലറിയില്‍നിന്ന് എടുത്തുമാറ്റി.

ഇതോടൊപ്പം വെടിയുണ്ടകളിൽ ഒന്ന് അപ്രത്യക്ഷമായി. കൊലപാതകിയുടെ പേരും അവിടെ നിന്നും അപ്രത്യക്ഷമായി.

വെടിയേറ്റ് കീറിയ, രക്തം പുരണ്ട വസ്ത്രം മാത്രമാണ് സന്ദർശകർക്ക് മുന്നിൽ അവശേഷിക്കുന്നത്. സന്ദർശകർക്ക് അസ്വസ്ഥത തോന്നാതിരിക്കാൻ എന്നാണ് ഇന്ത്യയുടെ നെഞ്ചിലേക്ക് വെടിയുണ്ട പായിച്ച ആ തോക്ക് മാറ്റിയതിനെ ന്യായീകരിക്കുന്നത്

യുവ എഴുത്തുകാരനായ വിനോദ് കൃഷ്ണ ഗാന്ധിവധവും ഹിന്ദുത്വയുടെ ഭീകരവാദ പ്രവർത്തനങ്ങളുടെ ആധുനിക തന്ത്രങ്ങളും വെളിവാക്കിക്കൊണ്ട് 9 എം എം ബെരേറ്റ എന്ന പേരിൽ മലയാളത്തിൽ രചിച്ച നോവലാണ് 9 എം എം ബെരേറ്റയെ വീണ്ടും ഓർമ്മയിൽ കൊണ്ടു വന്നത്. ഗാന്ധിജിയെ കൊല്ലാൻ ഗൂഡാലോചനാ സംഘം ഉപയോഗിച്ച തോക്ക് ഈ കൃതിയിൽ ആവർത്തിച്ച് പ്രത്യക്ഷപ്പെടുന്നു. ദേശീയ മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്നതോക്കിനെ കുറിച്ചുള്ള വിവരങ്ങൾ വിനോദ് കൃഷ്ൻ്റെ നോവൽ വീണ്ടും ചർച്ചകളിൽ എത്തിച്ചു.  എന്നാൽ ഈ പിസ്റ്റൾ ദേശീയ മ്യൂസിയത്തിൽ നിന്നും മാറ്റി ലോക്കറിൽ ഒളിപ്പിച്ചിരിക്കയാണ്.

നോവലിൻ്റെ രചനയ്ക്കായി നടത്തിയ ഗവേഷണങ്ങളെ കുറിച്ച് വ്യക്തമാക്കി കൊണ്ട് ഗന്ഥകാരൻ വിനോദ് കൃഷ്ണ താൻ തോക്ക് കാണാൻ ശ്രമിച്ച് പരാജയപ്പെട്ട അനുഭവം വിവരിക്കുന്നുണ്ട്.

“ചരിത്രത്തിലെ നുണകളെ എഴുത്തുകാര്‍ക്കല്ലാതെ വേറെ ആര്‍ക്കാണ് പെട്ടെന്ന് തിരിച്ചറിയാനാവുക. ചരിത്രത്തിന്റെ അപനിര്‍മ്മിതിക്കെതിരേ സംസാരിക്കാന്‍ എഴുത്തുകാര്‍ ആഗ്രഹിക്കുന്നു. മനുഷ്യവിരുദ്ധവുമായ ചുറ്റുപാടുകള്‍ക്കെതിരേ നിലപാടെടുക്കാന്‍ ആഗ്രഹിക്കുന്നു. ഇങ്ങനെയുള്ള കലാപപ്രചോദിതമായ ആഗ്രഹമാണ് ഈ നോവല്‍.

ആറ് വര്‍ഷങ്ങള്‍ക്കു മുമ്പാണ് നോവല്‍ എഴുതിത്തുടങ്ങിയത്. 2015-ല്‍ പോയട്രി ഇന്‍സ്റ്റലേഷന്‍ ചെയ്തപ്പോഴാണ് പൊളിറ്റിക്കല്‍ ആര്‍ട്ട് ജനങ്ങള്‍ സ്വീകരിക്കുമെന്ന ആത്മവിശ്വാസം ഉണ്ടായത്. അത് ഈ നോവലിന്റെ രചനയ്ക്ക് ആക്കം കൂട്ടി. ചീഞ്ഞതക്കാളി ചീഞ്ഞ തക്കാളിയാണെന്നു പറയാനുള്ള ധൈര്യം ഈ കാലയളവ് എനിക്ക് തന്നു. എഴുതിത്തുടങ്ങിയപ്പോള്‍ ഒറ്റയ്ക്കായിരുന്നു. ചരിത്രരേഖകള്‍ തേടിയും സത്യം തേടിയും കുറേ അലഞ്ഞു. ഗാന്ധി ജീവിച്ചു മരിച്ച ചില പ്രധാന ഇടങ്ങളില്‍ സഞ്ചരിച്ചു. എഴുത്തുവഴിയില്‍ പിന്നെ പലരും വന്നു. പ്രിയ സുഹൃത്ത് ജയാ മേനോന്‍ ആണ് ഉടനീളം കൂടെ നിന്നത്. അവര്‍ കുറേ അപൂര്‍വ പുസ്തകങ്ങളും രേഖകളും സംഘടിപ്പിച്ചു തന്നു. എഴുതിത്തുടങ്ങി ഒന്നര വര്‍ഷത്തിനുശേഷമാണ് ഞാന്‍ ഗാന്ധിനാഷണല്‍ മ്യൂസിയവും രാജ്ഘട്ടും സന്ദര്‍ശിച്ചത്. 2017 മാര്‍ച്ച് 24ന് ഡല്‍ഹിയിലുള്ള ഗാന്ധിമ്യൂസിയം കാണാന്‍ പോയി. അവിടത്തെ ലൈബ്രറിയും രക്തസാക്ഷി ഗാലറിയും ഏഴായിരത്തോളം വരുന്ന ഫോട്ടോഗ്രാഫുകളും എന്നെ മാറ്റിമറിച്ചു.

ഗാന്ധിഘാതകര്‍ ഗ്വാളിയോറില്‍നിന്ന് സംഘടിപ്പിച്ച 9 mm ബെരേറ്റ സെമി ഓട്ടോമാറ്റിക് പിസ്റ്റള്‍ എവിടെയുണ്ട് എന്ന അന്വേഷണം ചെന്നവസാനിച്ചത് ഡല്‍ഹിയിലെ നാഷണല്‍ ഗാന്ധി മ്യൂസിയത്തിലായിരുന്നു. 1997 വരെ തോക്ക്, മ്യൂസിയത്തില്‍ പൊതുദര്‍ശനത്തിന് വെച്ചിരുന്നു. പിന്നീട് ആ തോക്കിന് എന്തു സംഭവിച്ചു? 1997-ല്‍ 9 mm ബെരേറ്റ നാഷണല്‍ ഗാന്ധി മ്യൂസിയത്തിലെ രക്തസാക്ഷി ഗ്യാലറിയില്‍നിന്ന് എടുത്തുമാറ്റിയിരുന്നു. അസ്വസ്ഥപ്പെടുത്തുന്ന അറിവായിരുന്നു ഇത്.

‘ഏകദേശം 20 കൊല്ലം മുന്‍പുവരെ തോക്ക് പൊതുജനത്തിനു കാണാന്‍ കഴിയുന്ന വിധം ഗ്യാലറിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. തോക്ക് എടുത്തു മാറ്റിയ വര്‍ഷമോ ദിവസമോ എനിക്കറിയില്ല. ബോര്‍ഡിന്റെ തീരുമാനമായിരുന്നു. തോക്ക് കാണുമ്പോള്‍ ആള്‍ക്കാരുടെ മനസ്സില്‍ നെഗറ്റീവ് ഫീലിങ് ഉണ്ടാകും. അത് ഒഴിവാക്കാനാകാം അങ്ങനെ ഒരു തീരുമാനംഉണ്ടായത്.  അല്ലാതെ അനിഷ്ടസംഭവങ്ങള്‍ ഉണ്ടായതുകൊണ്ടല്ല തോക്ക് പ്രദര്‍ശനത്തിന് വെക്കാതിരിക്കുന്നത്.’ അവിടം സന്ദര്‍ശിച്ച സമയത്തെ മ്യൂസിയം ക്യുറേറ്റര്‍ ആയ ‘അന്‍സാര്‍ അലി’ പറഞ്ഞതോര്‍ക്കുന്നു.

1997 വരെ 9 mm ബെരേറ്റ കാണുമ്പോള്‍ ജനങ്ങള്‍ക്ക് യാതൊരു പ്രശ്‌നവും ഉണ്ടായിരുന്നില്ലെന്ന് അന്‍സാര്‍ അലിയുടെ വാക്കുകളില്‍നിന്നും വ്യക്തമാണ്. അതിനു ശേഷം തോക്കു കാണുമ്പോള്‍ ആര്‍ക്കാണ് പ്രശ്‌നം? ഈ ചിന്ത എഴുത്തിലുടനീളം അലട്ടിയിരുന്നു.

9 mm ബെരേറ്റ സെമി ഓട്ടോമാറ്റിക് പിസ്റ്റള്‍ നാഷണല്‍ ഗാന്ധി മ്യൂസിയത്തില്‍ 24 വര്‍ഷം മുമ്പ് ഉണ്ടായിരുന്നതുപോലെ പൊതുജനങ്ങള്‍ക്ക് കാണാവുന്ന വിധം പ്രദര്‍ശിപ്പിക്കണം. ഇത് കാലത്തിന്റെ ആവശ്യമാണ്. ഫാസിസ്റ്റുകള്‍ക്കെതിരേയുള്ള ഏറ്റവും വലിയ പ്രതീകമായി 9 mm ബെരേറ്റ മാറണം. ഈ തോക്ക് വെറുമൊരു തൊണ്ടി മുതലല്ല. 9 mm ബെരേറ്റ ദേശീയസ്വത്തായി പ്രഖ്യാപിക്കേണ്ടതുണ്ട്. ഈ തോക്ക് കൈ കാര്യം ചെയ്ത രാഷ്ട്രീയമെന്താണെന്ന് ആധുനിക ഇന്ത്യന്‍ യുവത്വം അറിയണം. അതിനാല്‍ ഇരുമ്പുലോക്കറില്‍നിന്ന് 9 mm ബെരേറ്റയ്ക്ക് മോചനം ആവശ്യമാണ്. ഗാന്ധി നാഷണല്‍ മ്യൂസിയത്തില്‍നിന്നും പുറത്തുവന്നപ്പോള്‍ എന്റെ മനസ്സില്‍ ഇതായിരുന്നു ചിന്ത. അതോടെ രാജ്യത്തിന്റെ ആത്മാവാണ് എഴുതിക്കൊണ്ടിരിക്കുന്നതെന്ന തോന്നല്‍ ശക്തമായി. എഴുത്തിനു വേഗത കൂടി. സാമ്രാജ്യത്വത്തെ അഹിംസകൊണ്ട് നേരിടാമെങ്കില്‍ ഫാസിസത്തെയും അഹിംസകൊണ്ട് നേരിടാനാവുമെന്നു രാജ്ഘട്ടിലെ ഗാന്ധിസ്മൃതിയില്‍ നില്‍ക്കുമ്പോള്‍ മനസ്സ് പറഞ്ഞു. “

A novel named 9mm beretta pistol tells about Gandhi and the Anti Gandhi ideologies

More Stories from this section

family-dental
witywide