കാമുകി മുടി മുറിച്ചത് ഇഷ്ടപ്പെട്ടില്ല, കുത്തിക്കൊന്ന് കാമുകന്‍; ‘സൈക്കോ കില്ലര്‍’ പിടിയില്‍

പെന്‍സില്‍വേനിയ: കാമുകിയുടെ പുതിയ ഹെയര്‍സ്റ്റൈല്‍ ഇഷ്ടപ്പെടാതിരുന്ന കാമുകന്‍ ചെയ്തത് അതിക്രൂര കൊലപാതകം. അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ 49-കാരനായ കാമുകനാണ് കാമുകിയെ കുത്തിക്കൊലപ്പെടുത്തിയത്. അരുംകൊലയ്ക്കു പിന്നാലെ ബെഞ്ചമിന്‍ ഗുവലിനെ നരഹത്യ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.

ബെഞ്ചമിന്‍ ഗുവല്‍ തന്റെ 50 കാരിയായ കാമുകി കാര്‍മെന്‍ മാര്‍ട്ടിനെസ് സില്‍വ മുടി മുറിച്ചത് ഇഷ്ടപ്പെടാതിരുന്നതിനെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് കോടതി രേഖകളില്‍ നിന്നും വ്യക്തമാകുന്നു. അമ്മ മുടി മുറിച്ചതാണ് ആക്രമണത്തിന് പിന്നിലെന്ന് ഇരയുടെ മകള്‍ പൊലീസിനോട് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. ഹെയര്‍കട്ടിന്റെ പേരില്‍ അമ്മയെ കുത്തുമെന്ന് ഗുവല്‍ മുമ്പ് ഭീഷണിപ്പെടുത്തിയിരുന്നതായും ഇതോടെ സില്‍വ രാത്രിയില്‍ മകളുടെ വീട്ടില്‍ അഭയം തേടുകയും ചെയ്തിരുന്നു. തുടര്‍ന്ന് മകളുടെ വീട്ടില്‍ രാത്രി ചെലവഴിച്ച ശേഷം, സില്‍വ അവരുടെ സഹോദരന്റെ വീട്ടിലേക്ക് പോയി. ഒരു സുഹൃത്തിനോട് തങ്ങളുടെ ബന്ധം അവസാനിച്ചതായി ഗുവലിനെ അറിയിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടയില്‍, ഗുവല്‍ സില്‍വയെ തിരയുകയും ഒടുവില്‍ അവളുടെ സഹോദരന്റെ വീട്ടിലേക്ക് എത്തുകയും ചെയ്തു. എന്നാല്‍ സില്‍വയുടെ സഹോദരന്‍ ഗുവലിനോട് അവള്‍ അവിടെ ഇല്ലെന്ന് പറഞ്ഞ് മടക്കി അയച്ചു. മിനിറ്റുകള്‍ക്കുശേഷം മടങ്ങിയെത്തിയ ഇയാള്‍ കത്തികൊണ്ട് സഹോദരനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. തന്റെ സഹോദരനെ സംരക്ഷിക്കാനുള്ള ശ്രമത്തില്‍ സില്‍വ ഓടിയെത്തി. ഇതോടെ ഗുവല്‍ സില്‍വയെ മാരകമായി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

സംഭവം അറിഞ്ഞെത്തിയ പൊലീസ് മാര്‍ട്ടിനെസ്-സില്‍വയെ സംഭവസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. അവളുടെ സഹോദരന് ഒന്നിലധികം കുത്തേറ്റിരുന്നു.