
പട്ന: ബിഹാറിലെ അരാരിയയിൽ നിർമ്മാണത്തിലിരിക്കുന്ന പാലത്തിൻ്റെ ഒരു ഭാഗം തകർന്നു. പന്ത്രണ്ട് കോടി മുതൽ മുടക്കി ബക്ര നദിക്കു കുറുകെ നിർമിച്ച കോൺക്രീറ്റ് പാലമാണ് ഉദ്ഘാടനത്തിന് മുമ്പേ തകർന്നത്. നദിക്കു കുറുകെയുള്ള പാലം ഒരു വശത്തേക്ക് ചരിഞ്ഞിരിക്കുന്നതിന്റെയും നിമിഷങ്ങൾക്കുള്ളിൽ തകരുന്നതിന്റെയും ദൃശ്യങ്ങൾ ദേശീയമാധ്യമങ്ങൾ പങ്കുവച്ചു.
#WATCH | Bihar | A portion of a bridge over the Bakra River has collapsed in Araria pic.twitter.com/stjDO2Xkq3
— ANI (@ANI) June 18, 2024
തകർന്ന ഭാഗം നിമിഷങ്ങൾക്കകം നദിയിലൂടെ ഒലിച്ചു പോയി. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. കുർസകാന്ത, സിക്തി ഗ്രാമങ്ങളെ ബന്ധിപ്പിച്ച് പണിത പാലമാണ് തകർന്നത്. നിർമ്മാണ കമ്പനി ഉടമസ്ഥന്റെ വീഴ്ചയാണ് പാലം തകരാൻ കാരണമെന്ന് സിക്തി എംഎൽഎ വിജയകുമാർ പ്രതികരിച്ചു. സംഭവത്തിൽ അധികൃതർ എത്രയും വേഗം അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കുർസകാന്തയ്ക്കും സിക്‌തിക്കും ഇടയിലുള്ള യാത്രാസൗകര്യം സുഗമമാക്കുന്നതിനാണ് 12 കോടി രൂപ ചെലവിൽ പാലത്തിന്റെ നിർമാണം ആരംഭിച്ചത്.