അന്യഗ്രഹ ജീവികള്‍ ഭൂമി സന്ദര്‍ശിച്ചിട്ടുണ്ടെന്ന് തനിക്ക് 100 ശതമാനം ഉറപ്പാണെന്നും യഥാര്‍ത്ഥത്തില്‍ മനുഷ്യരാശിയെ സംരക്ഷിക്കാന്‍ അവര്‍ സഹായിക്കുന്നുവെന്നും ലോകത്തിലെ പ്രമുഖ സര്‍വകലാശാലകളിലൊന്നില്‍ നിന്നുള്ള പ്രമുഖ ഗവേഷകന്‍ അവകാശപ്പെട്ടു. വിശദീകരിക്കാനാകാത്ത ഈ പ്രതിഭാസങ്ങള്‍ മനുഷ്യര്‍ക്ക് ഒരു സംരക്ഷണമായി പ്രവര്‍ത്തിക്കുന്നുവെന്നും ഭൂമിയുടെ പ്രതിരോധത്തിനായി നിലകൊള്ളുന്നുവെന്നും സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ പാത്തോളജി പ്രൊഫസറായ ഡോ.ഗാരി നോളനാണ് അഭിപ്രായപ്പെട്ടത്.
കേംബ്രിഡ്ജില്‍ താമസിക്കുന്ന ഐറിഷ് കാരനായ പാട്രിക് ജാക്‌സണാണ് ഈ സിദ്ധാന്തം മുന്നോട്ടുവച്ചതെന്നും ഇത് കൂടുതല്‍ പര്യവേക്ഷണം അര്‍ഹിക്കുന്നതാണെന്നും അതിനാല്‍ താന്‍ ഇതിനെ പിന്താങ്ങുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 2023 ല്‍ യുഎസിലെ ഒരു മാധ്യമമാണ് പാട്രിക് ജാക്സന്‍ എന്ന ഐറിഷ് വംശജനെക്കുറിച്ചുള്ള ലേഖനം പ്രസിദ്ധീകരിച്ചത്. 20 വര്‍ഷത്തോളം യുഎഫ്ഒകളെപ്പറ്റി അമച്വറായി പഠനം നടത്തിയിട്ടുള്ള ആളാണ് പാട്രിക്.
ഒരു വര്‍ഷത്തിലേറെയായി ഞാന്‍ പാട്രിക്കുമായി സംസാരിക്കുണ്ടെന്നും അദ്ദേഹത്തിന്റെ ആശയങ്ങള്‍ മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ആദ്യം ശ്രമിച്ചവരില്‍ ഒരാളാണ് താനെന്നും ഡോ.ഗാരി നോളന്‍ പറഞ്ഞു. ഒരിക്കല്‍ നോബല്‍ പ്രൈസിന് അദ്ദേഹം നാമനിര്‍ദേശം ചെയ്യപ്പെട്ട ഗാരി യുഎസ് സര്‍ക്കാരിനു വേണ്ടി അജ്ഞാത പേടകങ്ങള്‍ സംബന്ധിച്ച മേഖലയില്‍ ഗവേഷണം നടത്തിയിട്ടുണ്ട്.
ഗോളരൂപത്തിലുള്ള അജ്ഞാതപേടകങ്ങള്‍ അന്യഗ്രഹജീവികളുടേതാണ്. ഇവ മനുഷ്യര്‍ക്ക് സംരക്ഷണം നല്‍കുന്നു. യുഎഫ്ഒകളെ കണ്ടെത്തിയെന്നു പറഞ്ഞു പുറത്തിറങ്ങിയ പല ഫോട്ടോകളിലും ഗോളരൂപത്തില്‍ ആകാശവസ്തുക്കളെ കണ്ടെത്തിയത് ചൂണ്ടിക്കാട്ടിയാണ് പാട്രിക് തന്റെ സിദ്ധാന്തത്തിന് ബലം നല്‍കുന്നത്.
അതേസമയം, അന്യഗ്രഹ ജീവികള്‍ നമുക്ക് ഇടയില്‍ ജീവിക്കാനുള്ള സാധ്യതകള്‍ മുന്‍ നിര്‍ത്തി ഹാര്‍വാര്‍ഡിലെ ഗവേഷകര്‍ ചില പഠനങ്ങള്‍ പുറത്തിറക്കിയിരുന്നു. ഭൂമിയില്‍ മറഞ്ഞിരുന്നോ, മനുഷ്യര്‍ക്കിടയിലോ, മനുഷ്യരെ പോലെയോ അന്യഗ്രഹ ജീവികളുണ്ടെന്ന് പഠനം പറയുന്നു. ഇത് വലിയ ചര്‍ച്ചയായിരുന്നു. പിന്നാലെയാണ് ഇപ്പോള്‍ പ്രമുഖ ഗവേഷകന്‍ തന്നെ ഇത്തരത്തിലുള്ള സിദ്ധാന്തങ്ങളെ പിന്താങ്ങി എത്തിയിരിക്കുന്നത്.