നോയിഡ: തങ്ങളുടെ പ്രിയപ്പെട്ട വളര്‍ത്തുപൂച്ചയെ കാണാതായതിന്റെ സങ്കടത്തിലാണ് അജയ്കുമാറും ഭാര്യ ദീപയും. നോയിഡയിലെ സെക്ടര്‍ 62ലെ ഹാര്‍മണി അപ്പാര്‍ട്ടുമെന്റില്‍ ചീക്കുവില്ലാതെ അവര്‍ വല്ലാതെ വീര്‍പ്പുമുട്ടുകയാണ്. പലയിടത്തും പല വഴിയിലും അന്വേഷിച്ചു. പക്ഷേ ചീക്കുവിനെ കണ്ടെത്താനാകാതെ നിരാശയോടെ വീട്ടിലേക്ക് മടങ്ങുകയാണവര്‍. ഒടുവില്‍ ചീക്കുവിനെ കണ്ടെത്തുന്നവര്‍ക്ക് 1 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച നോട്ടീസുകള്‍ അവര്‍ പല ഇടങ്ങളിലും പതിച്ചു. സംഗതി അങ്ങനെ വാര്‍ത്താപ്രാധാന്യം നേടി.
കഴിഞ്ഞ ഡിസംബര്‍ 24നാണ് ചീക്കുവിനെ വീട്ടിലുള്ളവര്‍ അവസാനമായി കണ്ടത്. വീട്ടിലൂടെ ഓടിച്ചാടി നടന്ന പൂച്ചയെ പെട്ടന്നങ്ങ് കാണാതായി. കാത്തിരിപ്പ് മണിക്കൂറുകള്‍ക്കും ദിവസങ്ങള്‍ക്കും ആഴ്ചകള്‍ക്കും വഴിമാറി. ഇപ്പോഴിതാ രണ്ടാഴ്ചയിലധികമായി ശുഭവാര്‍ത്തയൊന്നും കുമാറിനെയും കുടുംബത്തെയും തേടിയെത്തിയിട്ടില്ല.
18 മാസമായി ചീക്കു, കുമാറിനും കുടുംബത്തിനുമൊപ്പം കൂടിയിട്ട്. മൂന്നു മാസം പ്രായമുള്ളപ്പോള്‍ കുമാറിന്റെ ഭാര്യാ സഹോദരനാണ് ഈ പൂച്ചയെ അവര്‍ക്ക് സമ്മാനിച്ചത്. ചീക്കു എന്ന് അവര്‍ അതിന് പേരും ഇട്ടു. അവന് പതുക്കെ ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായെന്ന് ഡല്‍ഹിയില്‍ ഫാര്‍മസി ഉടമയായ അജയ് കുമാര്‍ പറയുന്നു.
ഡിസംബര്‍ 24 ന് പൂച്ചയെ കാണാതായ ആദ്യത്തെ രണ്ട് മണിക്കൂര്‍ അജയ കുമാറും ദീപയും കരുതിയത് ചീക്കു കട്ടിലിനടിയിലോ വീടിന്റെ മൂലയിലോ ഒളിച്ചിരിക്കുകയാണെന്നാണ്. എന്നാല്‍ എവിടെയും കാണാതെ വന്നതോടെ അജയ് പൂച്ചയെ തേടി വീടിനു പുറത്ത് ചുറ്റിനടന്നു.
കുമാറിന്റെ രണ്ടാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് ഇറങ്ങി പാര്‍ക്കിംഗ് ഏരിയയിലേക്ക് നടക്കുന്ന ചീക്കുവിനെ സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തി. എന്നാല്‍ പിന്നീടവന് എങ്ങോട്ട് പോയെന്ന് ആര്‍ക്കും ഒരു രൂപവുമില്ല.
കഴിഞ്ഞയാഴ്ച സെക്ടര്‍ 58 പോലീസ് ഔട്ട്പോസ്റ്റിലും ഇവര്‍ പരാതി നല്‍കിയിരുന്നു. ഒന്നും ഫലംകാണാതെ വന്നതോടെയാണ് അജയ്കുമാര്‍ പാരിതോഷികവുമായി രംഗത്തെത്തിയത്.
‘ഒരു പേര്‍ഷ്യന്‍ പൂച്ചയുടെ വില അറിയാവുന്ന ഒരാളാണ് അവനെ കൊണ്ടുപോയതെന്ന് താന്‍ വിശ്വസിക്കുന്നുവെന്നാണ് അജയ്കുമാര്‍ പറയുന്നത്. അതുകൊണ്ടുതന്നെ പൂച്ചയെ തിരികെ ലഭിക്കുമെന്ന ദമ്പതികളുടെ പ്രതീക്ഷയ്ക്കും മങ്ങലേല്‍ക്കുകയാണ്.
പേര്‍ഷ്യന്‍ പൂച്ചകള്‍ സാധാരണയായി സൗമ്യതയും സൗഹൃദവുമാണ് പെരുമാറുക. ഇന്ത്യന്‍ വിപണിയില്‍ 10,000 രൂപയ്ക്കും 50,000 രൂപയ്ക്കും ഇടയില്‍ വിലയുള്ളവയാണ് ഇത്തരം പൂച്ചകള്‍. ഗാര്‍ഹിക അന്തരീക്ഷവുമായും ആളുകളുമായും വളരെ എളുപ്പത്തില്‍ പൊരുത്തപ്പെടാന്‍ ഇവയ്ക്ക് കഴിയും.