സംസ്ഥാന സർക്കാരിന്റെ നവകേരള യാത്രാ വിവാദം കെട്ടടങ്ങുന്നതിനു മുൻപ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായി മുഖ്യമന്ത്രി പിണറായി വിജയനെ വാഴ്ത്തുന്ന ഗാനം. പിണറായി വിജയനെ സിംഹം പോലെ ഗർജിക്കുന്ന നായകനായും ഒറ്റയ്ക്ക് വളർന്ന മരമായും വാഴ്ത്തുന്ന ഗാനം ‘കേരള സിഎം’ എന്ന തലക്കെട്ടോടെയാണ് യൂട്യൂബിൽ റിലീസ് ചെയ്തിരിക്കുന്നത്.
പിണറായിയെ സ്തുതിക്കുന്ന പാട്ടിന്റെ വരികൾ കൗതുകവും ചിരിയുമുണര്‍ത്തുന്നതുമാണ്. ഇടതുപക്ഷ പക്ഷികളിലെ ഫീനിക്സ് എന്നാണ് ഗാനത്തിൽ പിണറായിക്കുള്ള മറ്റൊരു വിശേഷണം.
”പിണറായി വിജയന്‍…നാടിന്റെ അജയ്യന്‍…
നാട്ടാർക്കെല്ലാം സുപരിചിതന്‍…
തീയില്‍ കുരുത്തൊരു കുതിരയെ…
കൊടുങ്കാറ്റില്‍ പറക്കുന്ന കഴുകനെ…
മണ്ണില്‍ മുളച്ചൊരു സൂര്യനെ…മലയാള നാടിന്‍ മന്നനെ…”
എന്നിങ്ങനെയാണ് ഗാനത്തിന്റെ വരികള്‍ പോകുന്നത്. നിഷാന്ത് നിളയാണ് വരികളും സംഗീതവും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. സാജ് പ്രൊഡക്ഷന്‍ ഹൗസ് എന്ന യൂട്യൂബ് പേജിലൂടെയാണ് ഗാനം പുറത്തു വിട്ടിരിക്കുന്നത്. ഗാനത്തിന് പിന്നില്‍ സിപിഎമ്മിന്റെ കൈകളുണ്ടോയെന്നത് സംബന്ധിച്ച് വ്യക്തതയില്ല.
വീഡിയോയുടെ തുടക്കത്തില്‍ സ്വർണക്കടത്ത് കേസ് വിവാദം ഉള്‍പ്പടെ ആസൂത്രിതമാണെന്ന് കാണിക്കാനുള്ള ശ്രമങ്ങളുമുണ്ട്. വെള്ളപ്പൊക്കവും കോവിഡുമുള്‍പ്പടെയുള്ള പ്രതിസന്ധികള്‍ പിണറായിയുടെ മുന്നേറ്റത്തിന് തുണയായതായും വീഡിയോയില്‍ പറയുന്നുണ്ട്. എട്ട് മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോയില്‍ പിണറായിയുടെ ചെറുപ്പകാലം മുതല്‍ കൗമാരകാലം വരെയും ആവിഷ്കരണവുമുണ്ട്.
ഇതിന് മുന്‍പ് 2022-ല്‍ തിരുവനന്തപുരം സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പിണറായി വിജയനെ സ്തുതിച്ചുകൊണ്ടുള്ള മെഗാതിരുവാതിര വലിയ വിമർശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും ഇരയായിരുന്നു. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിരിക്കെയായിരുന്നു 500 പേർ പങ്കെടുത്ത തിരുവാതിര.
A song about CM Pinarayi Vijayan went viral in social media