വാഷിംഗ്ടണ്‍ : കാലിഫോര്‍ണിയയിലെ ഒരു ബയോടെക്നോളജി സ്ഥാപനത്തിന് നേരെയുണ്ടായ ബോംബാക്രമണവുമായി ബന്ധപ്പെട്ട് 2009 മുതല്‍ യു.എസ് മോസ്റ്റ് വാണ്ടഡ് ടെററിസ്റ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഒരാളെ യുകെയില്‍ അറസ്റ്റുചെയ്തതായി എഫ്ബിഐ അറിയിച്ചു.
ഡാനിയേല്‍ ആന്‍ഡ്രിയാസ് സാന്‍ ഡിയാഗോയാണ് പിടിയിലായിരിക്കുന്നത്. ബ്രിട്ടനിലെ നാഷണല്‍ ക്രൈം ഏജന്‍സിയും കൗണ്ടര്‍ ടെററിസം പൊലീസും നോര്‍ത്ത് വെയില്‍സ് പൊലീസും ചേര്‍ന്ന് എഫ്ബിഐയുമായി ഏകോപിപ്പിച്ച് നടത്തിയ ഓപ്പറേഷനില്‍ തിങ്കളാഴ്ച വെയില്‍സില്‍ വെച്ചാണ് അറസ്റ്റുണ്ടായത്. ഇയാളെ അമേരിക്കയിക്ക് കൈമാറിയിട്ടില്ല. യുകെയിലെ ജയിലിലാണ് ഇപ്പോഴുള്ളത്.
2003 ഓഗസ്റ്റില്‍ കാലിഫോര്‍ണിയയിലെ ഓക്ലാന്‍ഡിനടുത്തുള്ള ചിറോണ്‍ ഇന്‍ക് എന്ന ബയോടെക്നോളജി സ്ഥാപനത്തില്‍ നടന്ന ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് സാന്‍ ഡീയാഗോയ്ക്കെതിരെ കുറ്റം ചുമത്തിയിരുന്നു.