ചിക്കാഗോ എയർപോർട്ടിൽ ടേക്ക്ഓഫിനിടെ യുണൈറ്റഡ് എയർലൈൻസ് ഫ്ലൈറ്റ് എഞ്ചിന് തീപിടിച്ചു

ചിക്കാഗോ: ചിക്കാഗോയിലെ ഒ’ഹെയര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും പറന്നുയരാന്‍ തുടങ്ങുന്നതിനിടെ യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിന്റെ എഞ്ചിനില്‍ തീ പിടിച്ചു. ഇതേത്തുടര്‍ന്ന് ടേക്ക് ഓഫിനിടെ വിമാനം നിര്‍ത്തേണ്ടി വരികയും യാത്രക്കാരെ ഒഴിപ്പിക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇതിനോടകം പ്രചരിക്കുന്നുണ്ട്. വിമാനത്തിന്റെ എഞ്ചിനുകളില്‍ ഒന്നിനാണ് തീപിടിച്ചത്.

വിമാനത്തിനുള്ളില്‍ നിന്ന് ഒരു യാത്രക്കാരന്‍ പകര്‍ത്തിയ സംഭവത്തിന്റെ ഒരു വൈറല്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അതില്‍ വിമാനത്തിന്റെ ചിറകുകളിലൊന്നില്‍ നിന്ന് പുക ഉയരുന്നത് കാണാം.


മെയ് 27 തിങ്കളാഴ്ച സിയാറ്റിലിലേക്ക് ഉച്ചയ്ക്ക് 2 മണിയോടെ പറക്കാന്‍ സജ്ജമായ യുണൈറ്റഡ് ഫ്‌ലൈറ്റ് 2091 വിമാനത്തിലാണ് തീ കണ്ടത്. ടാക്സിവേയിലായിരുന്നു സംഭവം. 148 യാത്രക്കാരും അഞ്ച് ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇവരെ അടിയന്തരമായി ഒഴിപ്പിച്ചതായും തുടര്‍ നടപടികള്‍ സ്വീകരിച്ചതായും ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷനും യുണൈറ്റഡ് എയര്‍ലൈന്‍സും പ്രത്യേകം അറിയിച്ചു.