
സാന്‍ ഫ്രാന്‍സിസ്‌കോ: പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം വിമാനത്തിന്റെ മെയിന്‍ലാന്‍ഡിംഗ് ഗിയറിനോട് ചേര്‍ന്നുള്ള ടയര്‍ ഊരി താഴേക്ക് പതിച്ചു. സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നിന്ന് പറന്നുയര്‍ന്ന യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിനാണ് ഇടതുവശത്തുള്ള ആറു ടയറുകളില്‍ ഒന്ന് നഷ്ടമായത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി.
സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് ജപ്പാനിലേക്കുള്ള യാത്ര ഉപേക്ഷിച്ച് യുണൈറ്റഡ് എയര്‍ലൈന്‍സ് പിന്നീട് ലോസ് ഏഞ്ചല്‍സില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയായിരുന്നു. വിമാനത്തില്‍ 235 യാത്രക്കാരും 14 ജീവനക്കാരും ഉണ്ടായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. യാത്രക്കാരെ മറ്റൊരു വിമാനത്തിലേക്ക് മാറ്റി യാത്ര തുടര്‍ന്നെന്നും എയര്‍ലൈന്‍സ് അറിയിച്ചു.

അതേസമയം, ടയര്‍ വീണത് വിമാനത്താവളത്തിലെ ജീവനക്കാരുടെ പാര്‍ക്കിംഗ് സ്ഥലത്തായിരുന്നു. ഇവിടെ പാര്‍ക്കുചെയ്തിരുന്ന കാറിലേക്ക് ടയര്‍ പതിക്കുകയും പിന്‍വശത്തെ ചില്ലുകള്‍ തകരുകയും ചെയ്തു. 2002ല്‍ നിര്‍മിച്ച ഈ വിമാനം, ടയറുകള്‍ നഷ്ടപ്പെടുകയോ കേടാവുകയോ ചെയ്താലും സുരക്ഷിതമായി ലാന്‍ഡ് ചെയ്യുന്നതിന് പ്രത്യേകമായി രൂപകല്‍പ്പന ചെയ്തതാണന്ന് എയര്‍ലൈന്‍ പ്രസ്താവനയില്‍ പറഞ്ഞു. സംഭവത്തില്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ കൂടുതല്‍ അന്വേഷണം നടത്തും.