ഒരു അമേരിക്കൻ കമേർഷ്യൽകമ്പനിയുടെ ബഹിരാകാശ പേടകം ചന്ദ്രനിലിറങ്ങി. ഹൂസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻറ്റ്യൂറ്റിവ് മെഷീൻസിൻ്റെ ഓഡിസിയസ് എന്ന റോബോട്ട് ലാൻഡറാണ് ചന്ദ്രനെ തൊട്ടത്. നാസയുടെ പിന്തുണയോടെയായിരുന്നു ദൌത്യം. ഇന്ത്യൻ സമയം പുലർച്ചെ 4.50നാണ് ലാൻഡർ ചന്ദ്രൻ്റെ ദക്ഷിണധ്രുവത്തെ തൊട്ടത്. ചന്ദ്രോപരിതലത്തിൽനിന്ന് ചെറിയ തോതിൽ സിഗ്നൽ ലഭിച്ചതായി സ്ഥിരീകരണമുണ്ടെങ്കിലും ലാൻഡർ പൂർണമായും പ്രവർത്തനക്ഷമമാണോ എന്നതിൽ വ്യക്തതയില്ല. ‘അസാമാന്യമായ കുതിച്ചുചാട്ടം’ എന്നാണ് നാസ നേട്ടത്തെ വിശേഷിപ്പിച്ചത്.
118 മില്യൺ ഡോളറിന്റെ ധനസഹായമാണ് നാസ പ്രൊജക്റ്റിനായി ചെലവഴിച്ചത്. അതിനുപുറമെ 130 മില്യൺ ഡോളർ ഇന്‌റിറ്റ്യൂവ് മെഷീൻസും ഒഡീസിയൂസിന്റെ നിർമാണത്തിനായി വിനിയോഗിച്ചിട്ടുണ്ട്. എലോൺ മസ്കിന്റെ സ്പേസ് കമ്പനിയുടെ ഫാൽക്കൺ 9 റോക്കറ്റിൽ ഫെബ്രുവരി 15ന് ഫ്ലോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് പേടകം വിക്ഷേപിച്ചത്.
1972 ഡിസംബറിലെ അപ്പോളോ 17 ദൗത്യത്തിന് ശേഷം ആദ്യമായാണ് അമേരിക്കൻ നിർമിത പേടകം ചന്ദ്രനിലിറങ്ങുന്നത്. നാസയും സ്വകാര്യ സ്ഥാപനമായ ആസ്ട്രോബോട്ടിക്കും ചേർന്ന് കഴിഞ്ഞ മാസം മറ്റൊരു ദൗത്യം നടത്തിയിരുന്നെങ്കിലും പരാജയമായിരുന്നു ഫലം.
A US commercial company makes historic Moon landing