15 വർഷം മുമ്പേ മാന്നാറിൽ ദൃശ്യം മോഡൽ കൊലയോ? സെപ്ടിക് ടാങ്ക് തുറന്ന് പൊലീസ് പരിശോധിക്കുന്നു, വീട്ടമ്മയെ ഭർത്താവും ബന്ധുക്കളും കൊന്നു കുഴിച്ചിട്ടെന്ന് സംശയം

മാന്നാറിൽ 15 വർഷം മുൻപ് ദുരൂഹ സാഹചര്യത്തിൽ കാണാതായ യുവതിയെ കൊന്നു കുഴിച്ചിട്ടെന്ന സൂചനയെത്തുടർന്ന് മൃതദേഹം കണ്ടെത്താനുള്ള പൊലീസ് നടപടികൾ തുടരുന്നു. മാന്നാർ ഇരമത്തൂരിലെ കല എന്ന യുവതിയാണ് കൊല്ലപ്പെട്ടു എന്ന് കരുതുന്നത്. കാണാതാകുമ്പോൾ ഇവർക്ക് 27 വയസ്സായിരുന്നു. ഇവരുടെ ഭർത്താവ് അനിലിൻ്റെ ഇരമത്തൂരിലെ വീട്ടിലെ സെപ്റ്റിക് ടാങ്കുകളുടെ സ്ലാബ് തുറന്ന് പൊലീസ് പരിശോധന നടത്തുകയാണ്. ഫൊറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. കൊല്ലപ്പെട്ടെന്നു കരുതുന്ന കലയുടെ ഭർത്താവ് അനിലിൻ്റെ സഹോദരി ഭർത്താവ് അടക്കം 5 പേർ പൊലീസ് കസ്റ്റഡിയിലുണ്ട്.

കലയുടെ ഭർത്താവ് അനിലാണ് കേസിലെ പ്രധാന പ്രതിയെന്നാണ് വിവരം. ഇയാളും മറ്റു പ്രതികളും ചേർന്ന് കലയെ കൊന്ന് കുഴിച്ചിട്ടെന്നാണ് വിവരം. നാട്ടില്‍ കെട്ടിട നിര്‍മാണ കരാറുകാരനായിരുന്ന ഇയാള്‍ രണ്ടുമാസം മുമ്പാണ് ഇസ്രയേലിലേക്ക് ജോലിക്കായി പോയത്. ഇസ്രയേലിൽ നിന്ന് ഇയാളെ തിരികെ നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്.

എല്ലാത്തിന്റേയും തുടക്കം സംശയത്തിൽ നിന്ന്

കലയുമായുള്ള വിവാഹ ബന്ധത്തെ അനിലിന്റെ വീട്ടുകാര്‍ എതിര്‍ത്തിരുന്നതായാണ് വിവരം. അനിലിന്റെ ബന്ധുക്കൾക്കു വിവാഹത്തിൽ താൽപര്യമില്ലാതിരുന്നതിനാൽ ബന്ധുവീട്ടിലാണു വിവാഹശേഷം കലയെ താമസിപ്പിച്ചിരുന്നത്.

കലയെ അവിടെ നിർത്തിയശേഷം അനിൽ വിദേശത്ത് ജോലിക്കുപോയി. എന്നാൽ കലയ്ക്കു മറ്റാരോടോ ബന്ധമുണ്ടെന്നു ചിലർ വിളിച്ചുപറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നു. തുടർന്ന് ബന്ധുക്കളുടെ സഹായത്തോടെ ഇയാൾ കലയെ കൊന്നതാണെന്നു കരുതുന്നു.

കലയുടെ മാതാപിതാക്കള്‍ നേരത്തെ മരിച്ചതാണ്. ഭിന്നശേഷിക്കാരനായ ഒരാളടക്കം രണ്ടുസഹോദരന്മാരാണുള്ളത്. ഇവരാരും പിന്നീട് പരാതിയുമായി പോയില്ല. ഇതിനിടെ അനില്‍ വീണ്ടും വിവാഹിതനായി. കലയുമായുള്ള ബന്ധത്തില്‍ അനിലിന് ഒരുമകനുണ്ട്. രണ്ടാമത്തെ വിവാഹത്തില്‍ രണ്ടുമക്കളും.

ഉല്ലാസയാത്ര എന്നു പറഞ്ഞ് കൊണ്ടുപോയി

കലയെ വീട്ടില്‍നിന്ന് കൂട്ടിക്കൊണ്ടുപോയ പ്രതികള്‍ കാറിലിട്ട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നും പിന്നീട് മൃതദേഹം വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്കില്‍ കുഴിച്ചിട്ടെന്നുമാണ് കസ്റ്റഡിയിലുള്ള പ്രതികൾ നൽകിയ സൂചന . സംഭവദിവസം ഉല്ലാസയാത്ര പോകാമെന്ന് പറഞ്ഞാണ് കലയെ അനില്‍ കാറില്‍ കൊണ്ടുപോയത്. കൂട്ടുപ്രതികളും ഒപ്പമുണ്ടായിരുന്നു. യാത്രയ്ക്കിടെ കുട്ടനാടിലെ കള്ളുഷാപ്പുകളില്‍ കയറി ഭക്ഷണവും കഴിച്ച് തിരികെ മടങ്ങുന്നതിനിടെയാണ് കൊലപാതകം നടത്തിയതെന്നാണ് കരുതുന്നത്. തുടര്‍ന്ന് മൃതദേഹം രഹസ്യമായി മറവുചെയ്യുകയായിരുന്നുവത്രേ. അതേസമയം, ഇതുസംബന്ധിച്ച് ഇതുവരെ സ്ഥിരീകരണമില്ല. പോലീസും സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

വഴിത്തിരിവായി ഊമക്കത്ത്

പ്രതികളിലൊരാൾ ഭാര്യയുമായുള്ള തർക്കത്തിനിടെ ‘അവളെപ്പോലെ നിന്നെയും തീർക്കും’ എന്ന് ഭീഷണിപ്പെടുത്തിയതായാണ് വിവരം. പിന്നീട് പൊലീസ് സ്റ്റേഷനിൽ കലയുടെ കൊലപാതകത്തിലേക്ക് വെളിച്ചം വീശുന്ന ഒരു ഊമക്കത്ത് ലഭിക്കുകയും പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്യുകയായിരുന്നു.

A woman was Allegedly killed and buried secretly by her husband and relatives 15 years ago

More Stories from this section

family-dental
witywide