പട്ന: ബീഹാറില്‍ നിര്‍ബന്ധിത വിവാഹത്തിനിരയായി യുവാവ്. അവ്നിഷ് കുമാര്‍ എന്ന യുവാവിനെയാണ് തോക്കിന്‍മുനയില്‍ നിര്‍ത്തി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ചേര്‍ന്ന് വിവാഹം കഴിപ്പിച്ചത്.
അധ്യാപകനാകാനുള്ള ബീഹാര്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ പരീക്ഷ പാസായിരുന്നു അവ്നിഷ് കുമാര്‍ . വെള്ളിയാഴ്ച, ജോലി ചെയ്യുന്ന സ്‌കൂളിലേക്ക് പോകുമ്പോള്‍, രണ്ട് സ്‌കോര്‍പ്പിയോകളിലെത്തിയവര്‍ യുവാവിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. പിന്നീട് യുവാവിനെ മര്‍ദ്ദിക്കുകയും നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുകയുമായിരുന്നു. പെണ്‍കുട്ടിയുമായി അവ്നിഷിന് നാലുവര്‍ഷമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ബന്ധുക്കള്‍ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചത്.
ഇത് വ്യാപകമായി കണ്ടുവരുന്ന ‘പകദ്വ വിവാഹ’ ത്തിന്റെ മറ്റൊരു ഉദാഹരണമായി മാറുകയായിരുന്നു. ബീഹാറില്‍ തോക്ക് ചൂണ്ടി അവിവാഹിതരായ പുരുഷന്മാരെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുന്ന രീതിയാണിത്. പൊലീസ് പറയുന്നതനുസരിച്ച്, കഴിഞ്ഞ 30 വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ നിര്‍ബന്ധിത വിവാഹങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 2024ലാണ്.
ബിഹാറിലെ ബേഗുര്‍സരായ് ജില്ലയിലെ രാജൗരയില്‍ നിന്നുള്ള അവ്‌നിഷ് കുമാറിനെ ലഖിസരായ് ജില്ലയില്‍ നിന്നുള്ള ഗുഞ്ചന്‍ എന്ന സ്ത്രീയുടെ ബന്ധുക്കളാണ് തട്ടിക്കൊണ്ടുപോയത്. താനും യുവാവും നാലു വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നും പലപ്പോഴും ഒരുമിച്ച് കഴിഞ്ഞിട്ടുണ്ടെന്നും വിവാഹക്കാര്യം പറയുമ്പോള്‍ ഒഴിഞ്ഞുമാറുകയായിരുന്നെന്നും യുവതി ആരോപിക്കുന്നു.
എന്നാല്‍, തന്നെ ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് വിവാഹം കഴിച്ചുവെന്നാണ് അവ്നിഷ് കുമാര്‍ ആവര്‍ത്തിക്കുന്നത്. സംഭവത്തിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അവ്‌നിഷിനെ നിരവധി പുരുഷന്മാര്‍ ഭീഷണിപ്പെടുത്തി തടഞ്ഞുനിര്‍ത്തിയിരിക്കുന്നതും വിവാഹ വേഷത്തില്‍ വധു നില്‍ക്കുന്നതും കാണാം. നിര്‍ബന്ധിതമായി വിവാഹ ചടങ്ങുകള്‍ പൂര്‍ത്തിയാക്കാന്‍ കൂടെയുള്ളവര്‍ യുവാവിനെ ഭീഷണിപ്പെടുത്തുന്നതും അവ്‌നിഷ് അത് അനുസരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
ചടങ്ങുകള്‍ പൂര്‍ത്തിയായതിനു ശേഷം യുവതി കുടുംബത്തോടൊപ്പം രാജൗരയിലെ അവ്നിഷിന്റെ വീട്ടിലേക്ക് പോയെങ്കിലും അവ്‌നിഷിന്റെ വീട്ടുകാര്‍ പെണ്‍കുട്ടിയെ സ്വീകരിക്കാന്‍ തയ്യാറായില്ല. തനിക്ക് പെണ്‍കുട്ടിയോട് പ്രണയമില്ലായിരുന്നെന്നും പെണ്‍കുട്ടി തന്നെ നിരന്തരം ശല്യം ചെയ്തിരുന്നുവെന്നും യുവാവ് വെളിപ്പെടുത്തി. തട്ടിക്കൊണ്ടുപോകലും ശാരീരിക പീഡനവും ആരോപിച്ച് അവ്‌നിഷ് പരാതി നല്‍കിയിട്ടുണ്ട്.