ആം ആദ്മി പാര്‍ട്ടി (എഎപി) കിസാന്‍ വിഭാഗം പ്രസിഡണ്ട് തര്‍ലോചന്‍ സിംഗ് പഞ്ചാബിലെ ഖന്നയില്‍ വെടിയേറ്റ് മരിച്ചു. തന്റെ ഫാമില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോള്‍ അജ്ഞാതരായ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. റോഡരികില്‍ കിടന്ന 56 കാരന്‍ നേതാവിന്റെ മൃതദേഹം കണ്ട മകന്‍ ഹര്‍പ്രീത് സിംഗ് നാട്ടുകാരുടെ സഹായത്തോടെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. വൈരാഗ്യത്തിന്റെ പുറത്ത് നടത്തിയ കൊലപാതകമാണെന്ന് മകന്‍ ആരോപിച്ചു.
പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുമെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് സൂപ്രണ്ട് (എസ്പി) സൗരവ് ജിന്‍ഡാല്‍ പറഞ്ഞു.