ന്യൂഡൽഹി: ആം ആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെ മദ്യ നയ കേസിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ് (ഇഡി) അറസ്‌റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ച പ്രവർത്തകരിൽ നിരവധി ആം ആദ്മി പാർട്ടി (എഎപി) എംഎൽഎമാരും കസ്റ്റഡിയിൽ.
ഡൽഹി എക്‌സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യാൻ ഇഡി സംഘം എത്തിയതിന് തൊട്ടുപിന്നാലെ, ദേശീയ തലസ്ഥാനത്ത് കെജ്‌രിവാളിൻ്റെ വസതിക്ക് പുറത്ത് എഎപി പ്രവർത്തകർ പ്രതിഷേധിക്കുകയായിരുന്നു.
കെജ്‌രിവാളിൻ്റെ വസതിക്ക് സമീപം സിആർപിസി സെക്ഷൻ 144 പ്രകാരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
കേസിൽ അറസ്റ്റ് ചെയ്യരുതെന്ന കെജ്രിവാളിന്റെ അപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി മണിക്കൂറുകൾക്ക് ശേഷം ഇഡി സംഘം ഡൽഹി പോലീസിൻ്റെ അകമ്പടിയോടെ കെജ്രിവാളിൻ്റെ ഫ്ലാഗ്സ്റ്റാഫ് റോഡിലെ ഔദ്യോഗിക വസതിയിലെത്തി.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ അറസ്റ്റിലാകുന്ന ആദ്യത്തെ സിറ്റിംഗ് മുഖ്യമന്ത്രിയാണ് കെജ്‌രിവാൾ. ജയിലിലിരുന്ന് കെജ്രിവാൾ ഭരിക്കുമെന്ന് അദ്ദേഹത്തിൻ്റെ പാർട്ടി അറിയിച്ചു.