ന്യൂഡൽഹി: ഡൽഹിയിലെ ജലക്ഷാമം പരിഹരിക്കാൻ അനിശ്ചിതകാല നിരാഹാരം ആരംഭിച്ച ഡൽഹി മന്ത്രി അതിഷിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് മന്ത്രിയെ ഐസിയുവിൽ പ്രവേശിപ്പിച്ചു. നിരാഹാര സമരം അവസാനിപ്പിച്ചതായി ആം ആദ്മി പാർട്ടി അറിയിച്ചു.
ഇന്ന് പുലർച്ചെയാണ് അതിഷിയെ ആരോഗ്യ നില വഷളായതിനെ തുടർന്ന് ലോക് നായക് ജയ് പ്രകാശ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തസമ്മർദ്ദവും പഞ്ചസാരയുടെ അളവും കുറഞ്ഞ സാഹചര്യത്തിലാണ് ഐസിയുവിലേക്ക് അതിഷിയെ മാറ്റിയത്. എൽഎൻജെപി ഹോസ്പിറ്റലിലെ ഡോക്ടർമാർ തിങ്കളാഴ്ച അതിഷിയെ പരിശോധിക്കുകയും നിരാഹാരമിരിക്കുന്നതിന്‍റെ ബുദ്ധിമുട്ടുകളെക്കുറിച്ച് നിർദേശം നൽകുകയും ചെയ്തിരുന്നു. എല്ലാ രക്തപരിശോധനകളും നടത്തിയെന്നും അതിഷിയുടെ ആരോഗ്യ നില മെച്ചപ്പെട്ടിട്ടുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു.
അതിഷിയുടെ അനിശ്ചിതകാല നിരാഹാര സമരം ചൊവ്വാഴ്ച അഞ്ചാം ദിവസത്തിലേക്ക് കടന്നു. ഡൽഹിയുടെ ജല വിഹിതം ഹരിയാന വിട്ടുനൽകുന്നില്ലെന്നു പറഞ്ഞാണ് അതിഥി നിരാഹാരം ആരംഭിച്ചത്. ജൂൺ 22 നാണ് അതിഷി അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്.
ഡല്‍ഹിയില്‍ ജലക്ഷാമമുണ്ടാക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ടെന്ന് അതിഷി മർലേന ആരോപിച്ചിരുന്നു. പൈപ്പ് ലൈനുകളിൽ മനഃപ്പൂർവ്വം ചോർച്ചയുണ്ടാക്കാൻ ശ്രമം എന്നും ആരോപണമുണ്ട്. 375 മില്ലി മീറ്റർ പൈപ്പിലെ ബോൾട്ടുകൾ മുറിച്ച നിലയിൽ കണ്ടെത്തിയെന്നും ചിത്രങ്ങൾ സഹിതം മന്ത്രി ആരോപിച്ചു. എന്നാല്‍ ഡൽഹി സർക്കാരിൻ്റെ കെടുകാര്യസ്ഥതയാണ് ജലക്ഷാമത്തിലേക്ക് നയിച്ചത് എന്നാണ് ബിജെപിയുടെ ആരോപണം. എംപിമാർ അടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധിച്ചു. ഉഷ്ണ തരംഗം ഉണ്ടാകും എന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടും ഡൽഹി സർക്കാർ ഒന്നും ചെയ്തില്ലെന്ന് ബിജെപി എംപി ബാൻസുരി സ്വരാജ് വിമർശിച്ചിരുന്നു.