കോഴിക്കോട്∙ സൗദിയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്‍റെ മോചനത്തിന് വേണ്ടി നാട്ടുകാരിൽ നിന്ന് പിരിച്ചത് 47.87 കോടി രൂപയാണെന്ന് റഹീം നിയമസഹായ സമിതി അറിയിച്ചു. വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. മോചനത്തിന് ആവശ്യമായ ദിയാധനവും അഭിഭാഷകന്‍റെ ചെലവും അടക്കും 36.27 കോടി രൂപ ഇതോടകം ചെലവായി. ബാക്കി 11.60 കോടി രൂപ എന്തു ചെയ്യണമെന്ന് റഹീം തിരിച്ചെത്തിയ ശേഷം തീരുമാനിക്കുമെന്നും ഇവർ പറഞ്ഞു. സമൂഹമാധ്യമങ്ങൾ വഴി ചിലർ തെറ്റായ വിവരങ്ങളും അപവാദ പ്രചാരണങ്ങളും നടത്തുകയാണ്.
റഹീമിന്‍റെ കേസ് അടുത്ത 17-ന് പരിഗണിക്കും. റഹീമിന്‍റെ മോചന ഉത്തരവ് 17-ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇവർ വ്യക്തമാക്കി. വധശിക്ഷ ഒഴിവായി ജയിലില്‍ നിന്ന് അബ്ദുൽ റഹീം പുറത്തുവരുമ്പോള്‍ അതിന്റെ ക്രെഡിറ്റ് തങ്ങള്‍ക്ക് വേണ്ടെന്നും എട്ടുകാലി മമ്മൂഞ്ഞികള്‍ അതെടുത്തോട്ടെയെന്നും റഹീമിനെ നാട്ടിലെത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും റഹീമിന്റെ സഹോദരന്‍ നസീറിനെയും അമ്മാവന്‍ അബ്ദുല്‍ മജീദിനെയും സാക്ഷിനിര്‍ത്തി സമിതി നിലപാട് വ്യക്തമാക്കി. തന്റെ മകനെ രക്ഷിക്കാന്‍ ഒപ്പം നിന്നവര്‍ക്ക് ദൈവം പ്രതിഫലം നല്‍കട്ടെയെന്നും സഹായസമിതിയോട് നന്ദിയുണ്ടെന്നും വേദിയിലിരുന്ന് റഹീമിന്റെ മാതാവ് ഫാത്തിമയും പറഞ്ഞു.