ഹരാരെ: രണ്ടാം ട്വന്റി20യിൽ സിംബാബ്‍വെയ്ക്കെതിരെ ഇന്ത്യയ്ക്കു 100 റൺസിന്റെ കൂറ്റൻ വിജയം. ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 20 ഓവറിൽ 234 റൺസാണു നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‍വെ 134 റൺസിൽ ഒതുങ്ങി. സ്കോർ: ഇന്ത്യ 20 ഓവറിൽ 2 വിക്കറ്റിന് 234. സിംബാബ്‌വെ 18.4 ഓവറിൽ 134 റൺസിന് ഓൾഔട്ട്.
ഇന്ത്യയ്ക്കായി ഓപ്പണിങ് ബാറ്റർ അഭിഷേക് ശർമ സെഞ്ചുറി നേടി. 46 പന്തുകളിൽനിന്നാണ് അഭിഷേകിന്റെ ആദ്യ സെഞ്ചുറി. 8 സിക്സുകളും 7 ഫോറുകളും നേടിയായിരുന്നു അഭിഷേകിന്റെ സെഞ്ചുറി. സീനിയര്‍ ടീമിൽ അഭിഷേകിന്റെ രണ്ടാം മത്സരമാണിത്.
ഋതുരാജ് ഗെയ്ക്‌വാദ് 47 പന്തുകളിൽനിന്ന് 77 റണ്‍സെടുത്തു പുറത്താകാതെനിന്നു. 22 പന്തുകൾ നേരിട്ട റിങ്കു സിങ് 48 റൺസുമായി തിളങ്ങി. അഞ്ച് സിക്സുകളാണ് റിങ്കു ഗാലറിയിലേക്കു പറത്തിവിട്ടത്. ക്യാപ്റ്റൻ ശുഭ്മൻ ഗിൽ 4 ബോളിൽ 2 റൺസ് മാത്രമെടുത്തു പുറത്തായി. മുസരബാനിയുടെ പന്തിൽ ബ്രയൻ ബെന്നറ്റ് ക്യാച്ചെടുത്താണ് ഗില്ലിനെ മടക്കിയത്. മത്സരത്തിന്റെ ആദ്യ പത്തോവറുകളിൽ 74 റൺസെടുത്ത ഇന്ത്യ പിന്നീടുള്ള 10 ഓവറിൽ അടിച്ചത് 160 റൺസാണ്. സിംബാബ്‍വെ നിരയിൽ വെസ്‌ലി മാഥവരെ (43), ലൂക് ജോങ്‍വെ (33), ബ്രയൻ ബെന്നറ്റ് (26) എന്നിവർ മികച്ച സ്കോർ നേടി.