‘സ്ത്രീയുടെ ശരീരം സ്ത്രീയുടെ അവകാശം’: ഫ്രാൻസിൽ ഗർഭഛിദ്രം ഇനി മുതൽ ഭരണഘടനാവകാശം

ഗർഭഛിദ്രത്തിനുള്ള അവകാശം മൗലികാവകാശമാക്കി ഫ്രാൻസ്. ഗർഭഛിദ്രത്തിനുള്ള സ്ത്രീകളുടെ അവകാശത്തെ ഭരണഘടനയിൽ ഉൾപ്പെടുത്താൻ പാർലമെന്റ് തീരുമാനിക്കുകയായിരുന്നു. 780-72 വോട്ടുകൾക്കാണ് പാർലമെൻ്റിൻ്റെ ഇരുസഭകളുടെയും പ്രത്യേക സംയുക്ത വോട്ടെടുപ്പിൽ ബിൽ പാസായത്. നിറഞ്ഞ കയ്യടിയോടെ ഈ നിയമം പാസാക്കിയ പാർലമെൻ്റിൽ ഫ്രഞ്ച് അഭിമാനം എന്നാണ് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ വിശേഷിപ്പിച്ചത്. ഇത് ലോകത്തിനുള്ള ഫ്രാൻസിൻ്റെ സന്ദേശമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കയും തീവ്ര വലതുപക്ഷ പാർട്ടികളും ഹംഗറി പോലുള്ള യൂറോപ്പിൻ്റെ ചില രാജ്യങ്ങളിലും ഗർഭഛിദ്രത്തിനുള്ള അവകാശം എടുത്തുകളയാനുള്ള നീക്കങ്ങൾ നടക്കുന്നതിനിടെയാണ് ഫ്രാൻസിന്റെ നടപടി. സ്ത്രീകളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന വിവിധ സംഘടനകളും നടപടിയെ സ്വാഗതം ചെയ്തു.

1975 മുതൽ ഫ്രാൻസിൽ ഗർഭഛിദ്രം നിയമവിധേയമാണ്. എന്നാൽ ഭരണഘടന ഭേദഗതി ചെയ്ത് ഗർഭധാരണം അവസാനിപ്പിക്കാനുള്ള അവകാശം സംരക്ഷിക്കുന്നതിനെ ഫ്രാൻസിലെ 85 ശതമാനം ജനങ്ങളും പിന്തുണച്ചിരുന്നതായി വിവിധ സർവേ ഫലങ്ങൾ കാണിക്കുന്നു. 2008 ന് ശേഷം ഫ്രാൻസിന്റെ ഭരണഘടനയിൽ നടത്തുന്ന ആദ്യത്തെ ഭേദഗതിയാണിത്. ആധുനിക ഫ്രാൻസിൻ്റെ സ്ഥാപക രേഖയിലെ 25-ാമത്തെ ഭേദഗതിയും.

വോട്ടെടുപ്പിനെത്തുടർന്ന് പാരീസിലെ ഈഫൽ ടവർ ” എന്റെ ശരീരം എന്റെ തിരഞ്ഞെടുപ്പ്’ എന്ന സന്ദേശത്തോടെ പ്രകാശം തെളിച്ചിരുന്നു. ” ഞങ്ങൾ എല്ലാ സ്ത്രീകൾക്കും ഒരു സന്ദേശം അയക്കുകയാണ്. നിങ്ങളുടെ ശരീരം നിങ്ങളുടേത് മാത്രമാണ്. നിങ്ങൾക്ക് വേണ്ടി ആർക്കും തീരുമാനം എടുക്കാൻ സാധിക്കില്ല,” ഫ്രഞ്ച് പ്രധാനമന്ത്രി ഗബ്രിയേൽ അറ്റൽ പാർലമെൻ്റിൽ പറഞ്ഞു. അന്താരാഷ്ട്ര വനിതാ അവകാശ ദിനമായ വെള്ളിയാഴ്ച ഇതിൻ്റെ ചടങ്ങ് ഫ്രഞ്ച് സർക്കാർ നടത്തും.

Abortion is a constitutional right in France

More Stories from this section

family-dental
witywide