വർഷം 2014. അൽ ജസീറയുടെ ഖത്തർ നെറ്റ്‌വർക് ചാനൽ. മുഖം മറച്ചൊരാൾ റിപ്പോർട്ടർക്ക് അഭിമുഖം നൽകി. സിറിയയിൽ പോരാട്ടം അവസാനിപ്പിക്കാനുള്ള നിർദേശം തള്ളിക്കളയുന്നതായും ഭരണം പിടിച്ചെടുക്കുന്നതുവരെ വിശ്രമമില്ലെന്നും പ്രഖ്യാപിച്ചു. ഒരു പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ ആ നേതാവ് അപ്രതീക്ഷിത വേഗത്തിൽ ആളിപ്പടരുന്ന തീക്കാറ്റായി– ബഷാർ അൽ അസദിനെ വീഴ്ത്തിയ വിമത മുന്നേറ്റത്തിന്റെ സിരാകേന്ദ്രം അബു മുഹമ്മദ് അൽ ജുലാനി (42).
2011-ൽ ആരംഭിച്ച് 2016-ൽ ഒടുങ്ങിയ ആഭ്യന്തരയുദ്ധത്തിനുശേഷവും അധികാരത്തിൽ തുടർന്ന സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദിനെ നിഷ്കാസനം ചെയ്യാൻ കാത്തിരിക്കുകയായിരുന്നു ജുലാനിയും അയാളുടെ സംഘടനയായ ഹയാത്ത് തഹ്‌രീർ അൽ ഷാമും ( എച്ചടിഎസ്). സാഹചര്യം ഒത്തുവന്നപ്പോൾ വെറും 11 ദിവസംകൊണ്ട് അവർ അതുചെയ്തു.
13 വർഷം മുമ്പത്തെ ആഭ്യന്തരയുദ്ധത്തിൽ അസദ് സർക്കാരിനെ സഹായിച്ചിരുന്നവരെല്ലാം ഓരോ പ്രശ്നങ്ങളിലാണ്. മൂന്നുവർഷത്തോളമായി യുക്രൈനുമായി യുദ്ധത്തിലാണ് റഷ്യ. പശ്ചിമേഷ്യയിലെ ഷിയ സായുധസംഘങ്ങളെ ഒരുമിച്ചുനിർത്തിയിരുന്ന ഇറാനിലെ ഖുദ്‌സ് ഫോഴ്‌സിന് പല പ്രമുഖരെയും നഷ്ടമായി. ഇസ്രയേലുമായുള്ള യുദ്ധത്തിൽ ഹിസ്ബുള്ള ക്ഷീണിതരായി. ഹിസ്ബുള്ളയ്ക്ക് ആയുധമെത്തിക്കുന്നുവെന്ന് പറഞ്ഞ് സിറിയയിൽ ഇടയ്ക്കിടെ ഇസ്രയേൽ ആക്രമണം നടത്തുന്നു. ഈ പശ്ചാത്തലത്തിൽ നവംബർ അവസാനവാരം എച്ച്‌ടിഎസ് അസദിനെ പുറത്താക്കാനിറങ്ങി. സിറിയൻ നാഷണൽ ആർമിയും ഒപ്പംകൂടി. അവരുടെ ഉദ്ദേശ്യം നടന്നു.
സൗദിയിലെ റിയാദിൽ ഓയിൽ എൻജിനീയറുടെ മകനായി ജനിച്ച ജുലാനിയുടെ ബാല്യം ഡമാസ്കസ് നഗരപ്രാന്തത്തിലായിരുന്നു. അഹമ്മദ് ഹുസൈൻ അൽ ഷരാ എന്നാണ് വീട്ടുകാരിട്ടപേര്. ഇസ്രയേൽ അധിനിവേശ ഗോലാൻകുന്നിൽനിന്നുള്ള സിറിയക്കാരാണ് മാതാപിതാക്കൾ. ജുലാനിയുടെ പിതാവ് സൗദിയിലെ എണ്ണക്കമ്പനിയിൽ എൻജിനീയറായിരുന്നു. 2001 സെപ്റ്റംബർ 11-ന് അൽ ഖായിദ ഭീകരരുടെ വേൾഡ് ട്രേഡ് സെന്റർ ആക്രമണം അയാളെ ഭീകരതയിലേക്ക് ആകർഷിച്ചു.
2003-ൽ യു.എസിന്റെ അധിനിവേശം തുടങ്ങുന്നതിന് ആഴ്ചകൾമുമ്പ് ജുലാനി ഇറാഖിലേക്കുപോയി. അൽ ഖായിദയുടെ ഭാഗമായി. ഇറാഖ് അറസ്റ്റുചെയ്ത് ക്യാമ്പ് ബുക്കയിലെ ജയിലിലടച്ചു. അഞ്ചുവർഷത്തിനുശേഷം ജയിൽമോചിതനായ ജുലാനി അൽ ഖായിദയിലേക്കു തിരിച്ചുപോയി. അപ്പോൾ അബു ബക്കർ അൽ ബാഗ്ദാദിയായിരുന്നു അതിന്റെ തലപ്പത്ത്. ബാഗ്ദാദി ജുലാനിയെ ആദ്യം മോസൂളിലും പിന്നെ സിറിയയിലും നിയോഗിച്ചു. സിറിയയിൽ അയാൾ അൽ ഖായിദ ഘടകം കെട്ടിപ്പടുത്തു. ജബാത്ത് അൽ നുസ്ര എന്നായിരുന്നു അതിനുപേര്. പക്ഷേ, അൽ നുസ്രയെ ഐഎസിന്റെ ഭാഗമാക്കണമെന്ന ബാഗ്ദാദിയുടെ ആവശ്യം ജുലാനി കേട്ടില്ല. അവർ തമ്മിലകന്നു. 2019 ഒക്ടോബറിൽ യുഎസ് ബാഗ്ദാദിയെ വധിച്ചു. സിറിയയിലും ഇറാഖിലുമായി അയാളുണ്ടാക്കിയ ഖിലാഫത്ത് തകർന്നു. ഐഎസ് ദുർബലമായി. പക്ഷേ, ജുലാനിയുടെ സംഘം നിലനിന്നു.
അൽ നുസ്റയെ ഭീകരസംഘടനയായി പ്രഖ്യാപിച്ച യുഎസ് ജുലാനിയുടെ ജീവന് ഒരു കോടി ഡോളർ വിലയിട്ടു. ഇപ്പോഴും യുഎസ് ഭീകരപ്പട്ടികയിലുള്ളയാളാണ് ജുലാനി.
2015ൽ സിറിയൻ ആഭ്യന്തര യുദ്ധത്തിനൊടുവിൽ വിമതരുടെ കൈവശം ഉണ്ടായിരുന്ന ഇഡ്‌ലിബിന്റെ അമീറായി ജുലാനി . തുർക്കിയുടെ പിന്തുണയുള്ള ഫ്രീ സിറിയൻ ആർമി (സിറിയൻ നാഷണൽ ആർമി) അയാളുടെ ഹയാത് തഹ്‌രീർ അൽ ഷാമിനൊപ്പം കൂടി. അൽ ഖായിദയുമായുള്ള ബന്ധം വിടർത്തിയെന്ന് ജുലാനി 2016-ൽ പ്രഖ്യാപിച്ചു. സിറിയ കേന്ദ്രീകരിച്ച് ജബാത് ഫത്തേഹ് അൽ ഷാമെന്ന് സംഘടനയുടെ പേരുമാറ്റി. പിന്നീടാണ് അതിന് ഹയാത്ത് തഹ്‌രീർ അൽ ഷാം എന്നു പേരിട്ടു. എച്ച്ടിഎസിന് ജനികീയമുഖം നൽകാൻ അയാൾ ശ്രമിച്ചു. പല രാജ്യങ്ങളിൽനിന്ന് അതിൽ അംഗങ്ങളെ ചേർത്തു. ഇഡ്‌ലിബിൽ ശരിയത്തിലൂന്നിയ നീതിന്യായവ്യവസ്ഥ കൊണ്ടുവന്നു. തുർക്കിയുടെ നാണയമായ ലിറ അവിടത്തെ ഔദ്യോഗികനാണയമാക്കി. യുഎസിനോടോ പാശ്ചാത്യരോടോ ദേഷ്യമില്ലെന്ന് പ്രഖ്യാപിച്ചു. ഭീകരർ സാധാരണ അണിഞ്ഞുകാണാറുള്ള വസ്ത്രങ്ങൾ അയാൾ ഉപേക്ഷിച്ചു. പാശ്ചാത്യരീതിയിലുള്ള ഉടുപ്പുകളിട്ടു. പശ്ചിമേഷ്യയിൽ ഇറാന്റെ സ്വാധീനം നിയന്ത്രിക്കാനുള്ള പാശ്ചാത്യശ്രമങ്ങളിൽ പങ്കാളിയാകാനുള്ള മനസ്സറിയിച്ചു. ഐഎസിനെ നേരിട്ടു. കഴിഞ്ഞയാഴ്ച ഹമ പിടിച്ചശേഷം തന്റെ ശരിക്കുള്ള പേരിൽ പ്രസ്താവനയുമിറക്കി. ജുലാനിയെ യുഎസ് തള്ളുമോ കൊള്ളുമോ?
Abu Mohammed al-Jawlani the rebel leader of Syria