വർക്കലയിൽ ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകർന്ന് 15 പേർക്ക് പരുക്ക്‌; രണ്ട് പേരുടെ നില ഗുരുതരം

തിരുവനന്തപുരം: വര്‍ക്കല ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നുണ്ടായ അപകടത്തില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 15 പേര്‍ക്ക് പരുക്ക്. ശക്തമായ തിരയില്‍ പെട്ട് ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ കൈവരി തകരുകയായിരുന്നു. വീണ്ടും ശക്തമായി തിരയടിച്ചതോടെ ബ്രിഡ്ജിലുണ്ടായിരുന്നവര്‍ കടലിലേക്ക് പതിച്ചു.

കടലിൽ വീണ സഞ്ചാരികൾ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നെങ്കിലും ശക്തമായ തിരയില്‍ പെട്ടതോട പെട്ടെന്ന് കരയിലേക്ക് കയറാനായില്ല. സുരക്ഷാ ജീവനക്കാര്‍ കടലില്‍ വീണവരെ പുറത്തെത്തിക്കുകയായിരുന്നു. ഇവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച വൈകിട്ടാണ് സംഭവം.

അപകടത്തിൽ പെട്ടവരെ വിതുര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാദിറ, ഋഷബ് എന്നിവരുടെ നിലയാണ് ഗുരുതരം. ആന്ധ്ര സ്വദേശി 29 വയസ്സുള്ള അനിതയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ഉയർന്ന തിരമാലയിൽ പാലത്തിന്റെ പകുതിയോളം ഭാഗം തകരുകയായിരുന്നു. ആളുകൾ കൂടുതൽ കയറിയതാണ് അപകടത്തിന് കാരണമെന്നാണ് ജനങ്ങൾ പറയുന്നത്. വലിയ തിരമാലകൾ രൂപം കൊള്ളുന്ന ഇടമായതിനാൽ വളരെ സൂക്ഷിച്ചു മാത്രമേ പോകാൻപാടുള്ളൂ എന്ന് പ്രദേശവാസികൾ മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് ഫ്‌ളോട്ടിങ് ബ്രിഡ്ജിന്റെ ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നടത്തിയത്.

More Stories from this section

family-dental
witywide