പത്തനംതിട്ട: പത്തനംതിട്ടയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. കൂടല്‍ മുറിഞ്ഞകല്ലില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു സംഭവം. കാര്‍ യാത്രക്കാരായ മല്ലശ്ശേരി സ്വദേശികളായ അനു, അനുവിന്റെ പിതാവ് ബിജു പി ജോര്‍ജ്, ഭര്‍ത്താവ് നിഖില്‍, നിഖിലിന്റെ പിതാവ് മത്തായി ഈപ്പന്‍ എന്നിവരാണ് മരിച്ചത്. ഒരാളുടെ നില ഗുരുതരമെന്നാണ് വിവരം. മലേഷ്യയില്‍ നിന്നെത്തിയ മകളെ വിമാനത്താവളത്തിലെത്തി കൂട്ടി കൊണ്ട് വരുന്നതിനിടയിലാണ് ദാരുണമായ അപകടത്തില്‍ പെട്ടത്.
പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയിലാണ് അപകടം. കാര്‍ അമിത വേഗത്തിലായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. അഗ്‌നിരക്ഷാസേനയെത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മൂന്ന് പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. 30 വയസില്‍ താഴെ പ്രായമുള്ള യുവതിയെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
ആന്ധ്രാ സ്വദേശികളായ തീര്‍ത്ഥാടകരുടെ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. നാട്ടുകാര്‍ എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കാര്‍ ബസിനുള്ളിലേക്ക് ഇടിച്ചു കയറിയ നിലയിലുണ്ടായിരുന്നത്.